കൊല്ലം:മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ തള്ളിമാറ്റിയത് വിഷയമാക്കി യുഡിഎഫ്. കുന്നത്തൂരിൽ പ്രചാരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെന്ന് തിരിച്ചറിയാതെ തള്ളിയതാണെന്ന് കോവൂർകുഞ്ഞുമോനുമായി ബന്ധപ്പെട്ടവർ വിശദീകരിച്ചു.
എംഎൽഎ യുടെ മേൽ കൈവെച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഇരുപത് വർഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോൻ, ഈ നാടുമുഴുവൻ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്ളക്സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടിൽ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎൽഎ എന്ന നിലയിൽ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവിൽ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്.
അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണെന്നും ഉല്ലാസ് കോവൂർ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കുഞ്ഞുമോന്റെ കഴുത്തിൽ കുത്തി പിടിച്ച് പുറകോട്ടു തള്ളിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രതിരിച്ചു. ഇത് കണ്ടിട്ടും മുഖ്യമന്ത്രി പാലിച്ച മൗനം അങ്ങേയറ്റം നിരാശപ്പെടുത്തി.
രാഷ്ട്രീയമായി എതിർ ചേരിയിൽ ആണെങ്കിലും കുഞ്ഞുമോന്റെ മേൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പൊതുമധ്യത്തിൽ കൈവെച്ചത് കുന്നത്തൂരെ മുഴുവൻ ജനങ്ങളേയും അപമാനിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആളറിയാതെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചുതള്ളിുന്നതും പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കാര്യം മനസ്സിലാക്കുന്നതും മുഖ്യമന്ത്രിയോടൊപ്പം കുഞ്ഞുമോൻ മുന്നോട്ടു നടന്നു നീങ്ങുന്നതുമായ ദൃശ്യങ്ങളാണ് സൈബർ സഖാക്കൾ പുറത്തുവിട്ടത്. ഉല്ലാസ് കോവൂർ ഈ വിഷയമുന്നയിച്ച് ഇട്ട എഫ്ബി പോസ്റ്റിനടിയിലാണ് യഥാർഥത്തിൽ സംഭവിച്ച വീഡിയോ കമന്റായിട്ടിട്ടുള്ളത്.