ന്യൂഡല്‍ഹി:കേരളം ഉൾപ്പടെയുളള ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഉന്നതതല യോഗം ചേർന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി. കേരളം, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിതി രൂക്ഷമായത്.
ഇന്നലെ മഹാരാഷ്ട്രയിൽ 8333 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ മൂവായിരത്തിലധികം പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ച 16,488 പേരിൽ 85 ശതമാനം കേരളമുൾപ്പടെയുളള ആറ് സംസ്ഥാനങ്ങളിലാണ്. മരണനിരക്കിലും ഈ ആറ് സംസ്ഥാനങ്ങൾ തന്നെയാണ് മുന്നിൽ. ആകെ മരണനിരക്കിന്റെ 82 ശതമാനം ഈ സംസ്ഥാനങ്ങളിലാണ്. മറ്റ് പതിനേഴ് സംസ്ഥാനങ്ങളിൽ രണ്ടാഴ്ചക്കിടെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 97.17 ആണ് ഇന്ത്യയിലെ കൊവിഡ് മുക്തിനിരക്ക്. രാജ്യത്ത് ഒരു കോടി നാൽപത്തി രണ്ട് ലക്ഷം പേരാണ് ഇതുവരെ കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി, പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,14,13,515 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4182 ആയി.