കോട്ടയം: കോട്ടയം നഗരസഭയിൽനിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തിൽ പെൻഷൻ വിഭാഗം സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗം സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി., അക്കൗണ്ട് വിഭാഗത്തിൽ ബിൽ തയാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. ജോലിയിലെ അലംഭാവം ചൂണ്ടികാട്ടിയുള്ള നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് കൃത്യത്തിൽ പങ്കുള്ളതായി നഗരസഭാ വിശദീകരിക്കുന്നില്ക
കേസിലെ പ്രധാന പ്രതി കോട്ടയം നഗരസഭയിലെ മുൻജീവനക്കാരനും നിലവിൽ വൈക്കം നഗരസഭാ ഉദ്യോഗസ്ഥനുമായ അഖിൽ സി.വർഗീസ് ഇപ്പോഴും ഒളിവിലാണ്. വാർഷിക സാന്പത്തിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയം നഗരസഭയിൽ ജോലിചെയ്തിരുന്ന സമയത്ത് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതൽ അഖിൽ നടത്തിയ പണമിടപാടിൽ മൂന്നുകോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പുണ്ടായെന്ന കണ്ടെത്തെലിനെത്തുടർന്നാണ് നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്.
വിരമിച്ച ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖിൽ പെൻഷൻ തുക അനധികൃതമായി അയച്ചത്. നഗരസഭയിൽനിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടിൽ ചില അപാകതകൾ ഉള്ളതായി നേരത്തേ പ്രാഥമികറിപ്പോർട്ട് വന്നിരുന്നു. 2020 മുതൽ അഖിൽ സി. വർഗീസ് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇയാളുടെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക അയച്ചതായാണ് കണ്ടെത്തിയത്.