കോട്ടയം: ലോഡിംഗ് തൊഴിലാളിക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ചയായി അടഞ്ഞു കിടക്കുന്ന കോട്ടയം ചന്ത വൃത്തിയാക്കാനായി തുറന്നു. രണ്ട് മണിക്കൂറാണ് കടകള്‍ ശുചിയാക്കാന്‍ അനുമതി നല്‍കിയത്. പഴം പച്ചക്കറി വ്യാപാരികള്‍ക്കാണ് അടച്ചിടല്‍ മൂലം വന്‍ നഷ്ടമുണ്ടായത്.
കഴിഞ്ഞ മാസം 23 നാണ് മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഫലം പുറത്തു വന്നയുടന്‍ അധികൃതര്‍ ചന്ത പൂര്‍ണമായും അടച്ചു. വൃത്തിയാക്കാനും, പഴകിയ സാധനങ്ങള്‍ ഒഴിവാക്കാനും അനുമതി നല്‍കണമെന്ന വ്യാപാരികളുടെ അപേക്ഷ പരിഗണിച്ചാണ് രണ്ടു മണിക്കൂര്‍ നേരത്തേക്ക് അധികൃതര്‍ ചന്ത തുറന്നു നല്‍കിയത്.
ചുമട്ടുതൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് 19 കണ്ടെത്താനായത്. ഗുരുതര സാഹചര്യം ഇല്ലാത്തതിനാല്‍ തിങ്കളാഴ്ചയോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാവുമോ എന്ന ആലോചനയിലാണ് ജില്ലാഭരണകൂടം.