അഞ്ച് ആശുപത്രികളും ചികിത്സ നിഷേധിച്ചു; മുംബൈയില്‍ ചികിത്സ ലഭിക്കാതെ വീണ്ടും മലയാളി മരിച്ചു
മുംബൈ: കൊവിഡ് തീവ്രബാധിത പ്രദേശമായ മുംബൈയില്‍ ചികിത്സകിട്ടാതെ വീണ്ടും മലയാളിക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രയാണ് മരിച്ചത്. രണ്ട് മണിക്കൂറിനിടെ അഞ്ച് ആശുപത്രികളെ സമീപിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഖാലിദിന് പനിയും ശ്വാസംമുട്ടലും ഉണ്ടായത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അഞ്ച് ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും ആരും ചികിത്സ നല്‍കാന്‍ തയാറായില്ല. കിടക്കയും ഓക്‌സിജനുമടക്കം സൗകര്യങ്ങളില്ലെന്ന് പറഞ്ഞാണ് ഖാലിദിനെയും ബന്ധുക്കളെയും മടക്കിയത്. രണ്ട് മണിക്കൂറിനു ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ നവിമുംബൈയില്‍ മലയാളി വീട്ടമ്മ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. നവി മുംബൈ ഉള്‍വ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പില്‍ ഗോപാലന്‍ നിവാസിലെ വിമലയാണ് (53) മരിച്ചത്. കോവിഡ് രോഗിയാണെന്ന് കരുതിയാണ് ഇവരെ ആശുപത്രികള്‍ സ്വീകരിക്കാതിരുന്നത്.
വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവിമുംബൈയിലെ അഞ്ച് ആശുപത്രികളില്‍ എത്തിച്ചെങ്കിലും കൊവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു.