കോട്ടയത്തുനിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ; കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടു

കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ബഷീര്‍ തമിഴ്‌നാട് ഏര്‍വാടി പള്ളിയിലുള്ളതായി വിവരം. ബഷീര്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ബഷീര്‍ അറിയിച്ചതായും പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.പി.ഒ. ബഷീറിനെ ക്വാട്ടേഴ്‌സില്‍ നിന്ന് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ ബഷീര്‍ പോകാനിരിക്കെയാണ് സംഭവം. ബഷീര്‍ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയതായുള്ള സൂചന പോലീസിനു ലഭിച്ചിരുന്നു.

അമിത ജോലിഭാരംമൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. അമ്പതോളം എല്‍.പി. വാറണ്ട് കേസുകള്‍ ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News