കൊച്ചി∙മകള്‍ക്കു സംഭവിച്ച ദുര്യോഗമറിയാതെ എറണാകുളത്തേക്കു വരാന്‍ തയാറെടുക്കുകയാണ് കൊല്ലപ്പെട്ട മാനസയുടെ പിതാവ് മാധവന്‍. തുരുതുരെ വരുന്ന ഫോണ്‍ കോളുകള്‍ എത്തിയതോടെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് തിരിച്ചറിഞ്ഞെങ്കിലും മകള്‍ ജീവനോടെയില്ലെന്ന യാഥാര്‍ഥ്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴും എന്തോ അപകടം സംഭവിച്ചു എന്നു മാത്രമാണ് അദ്ദേഹത്തിന് അറിയുന്നത്. രാഹിനെ അറിയുമോ എന്ന ചോദ്യത്തിന്, അവള്‍ക്ക് അറിയുന്ന ഒരു പയ്യനോ മറ്റോ ആണെന്നായിരുന്നു മറുപടി.
കുട്ടിയുടെ സ്ഥിതി എന്താണെന്ന പിതാവിന്റെ ചോദ്യത്തിനു മറുപടി നല്‍കാനാകാതെ വിളിച്ചവരും കുഴങ്ങി. മകള്‍ക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്, രാഹിന്‍ മകളെ ഉപദ്രവിച്ചിട്ടുണ്ടെന്നു മറുപടി നല്‍കി. എന്താണ് മകളുടെ സ്ഥിതി എന്നറിയാന്‍ അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൂടുതലെന്തെങ്കിലും പറയാതെ വിളിച്ചവര്‍ക്കു ഫോണ്‍ വയ്‌ക്കേണ്ടി വന്നു. എറണാകുളത്തേക്കു വരികയാണെന്ന് അദ്ദേഹം തന്നെ വിളിച്ചവരോടു പറഞ്ഞു.
ഇന്നു ഉച്ചയ്ക്കു ശേഷമാണ് കോതമംഗലം ഇന്ദിരാഗാന്ധി ഡന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജനായ യുവതി കണ്ണൂരില്‍ നിന്നെത്തിയ രാഹിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ വാടകയ്ക്കു താമസിച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് യുവതിയെ പിടിച്ചു മുറിയില്‍ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയത്. തൊട്ടു പിന്നാലെ രാഹിനും സ്വയം വെടിവയ്ക്കുകയായിരുന്നു.