വിട ചൊല്ലി മുക്ത, ഡോളി ഇനി ഇല്ല; കൂടത്തായി പരമ്പര അവസാനിക്കുന്നു

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ആണ് മുക്തയുടെ ഭർത്താവ്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം കൂടത്തായി സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ പരമ്പരയില്‍ ഡോളി എന്ന കേന്ദ്ര കഥാപാത്രമായി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ കൂടത്തായി അവസാനിക്കുന്നതിന്റെ സങ്കടത്തെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയ ലൈവിലൂടെയാണ് പരമ്പരയെക്കുറിച്ചു മുക്ത പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

”കൂടത്തായി കണ്ട് ഒരുപാട് പേര്‍ മെസ്സേജ് അയച്ചിരുന്നു. എല്ലാവരോടും നന്ദി പറയാനായാണ് ഇപ്പോള്‍ ലൈവില്‍ വന്നത്. എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല, എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. ശരിക്കും മലയാളത്തില്‍ ഇതെന്റെ തിരിച്ചുവരവാണ്. തമിഴില്‍ ചെയ്തിട്ടുണ്ട്. ഇത്രയും നല്ലൊരു പ്രൊജക്ടിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ്. ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന് ആളുകളെക്കൊണ്ട് ചോദിപ്പിച്ച പരമ്പര കൂടിയാണ് കൂടത്തായി.

ശരിക്കും എല്ലാരേയും മിസ്സ് ചെയ്യുന്നുണ്ട്. നല്ലൊരു പ്രൊജക്ടിലൂടെ നമുക്ക് വീണ്ടും ഒരുമിക്കാനാവുമെന്ന് കരുതുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയാണ് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. മുക്ത ജീവിക്കുകയാണ്, ഡോളിയായി എന്നൊക്കെ അവിടെയുള്ളവര്‍ പറയാറുണ്ടായിരുന്നു.

കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇതിലും കൂടുതല്‍ ചെയ്യാനുണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രമായി നിങ്ങള്‍ക്ക് മുന്നിലേക്കെത്താന്‍ ആഗ്രഹമുണ്ട്.

പ്രേക്ഷകരെ ബോറടിപ്പിക്കാതെ വളരെ നല്ല രീതിയില്‍ കൂടത്തായി അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഈ സീരിയല്‍ ഇത്രയധികം റീച്ചായതില്‍ സന്തോഷമുണ്ട്. അത് പോലെ തന്നെ പുരുഷന്‍മാരും ഈ സീരിയല്‍ കാണാറുണ്ടെന്നുള്ളതും സന്തോഷിപ്പിച്ച കാര്യമാണ്. മല്ലിക സുകുമാരനൊപ്പം അഭിനയിച്ചത് ആദ്യമായാണ്. ചില രംഗങ്ങള്‍ ചെയ്യുമ്ബോള്‍ പേടിയും ടെന്‍ഷനുമൊക്കെയുണ്ടായിരുന്നു. ഓപ്പോസിറ്റ് നില്‍ക്കുന്നയാള്‍ നന്നായി ചെയ്യുമ്ബോള്‍ സ്വഭാവികമായും നമ്മളും അത് പോലെ ചെയ്യും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News