പത്തനംതിട്ട: ജില്ലയിലെ 13 വയസുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും പോലീസ് താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടി നൽകിയ മൊഴികളും സാഹചര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ഈ നടപടി. പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടി ആദ്യം നൽകിയ മൊഴികളിലും പിന്നീട് നൽകിയ വിശദീകരണങ്ങളിലും പ്രകടമായ മാറ്റങ്ങളുണ്ട്. ചൈൽഡ് ഹെൽപ് ലൈൻ മുഖേനയാണ് പോലീസിന് ഇതുസംബന്ധിച്ച ആദ്യ വിവരങ്ങൾ ലഭിക്കുന്നത്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചൂഷണത്തിന് ഇരയായ വിവരം സഹോദരിയാണ് ആദ്യം സ്കൂൾ അധ്യാപികയെ അറിയിക്കുന്നത്. തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ഹെൽപ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവരുന്നത്.
കൗൺസിലിംഗിനിടെ സഹപാഠികളുൾപ്പെടെ പത്തോളം പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സഹപാഠിയായ ഒരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിലെ ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായാണ് പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ സഹപാഠിയായ പെൺകുട്ടിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
നിലവിൽ സുരക്ഷ മുൻനിർത്തി 13-കാരിയെ ചൈൽഡ് ഹെൽപ് ലൈന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഊർജ്ജിതമായ അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
English Summary
In a major twist in the Konni school student assault case, the Pathanamthitta police have released all six minor classmates who were taken into custody. The detailed investigation revealed significant contradictions, as the statements and scenarios provided by the 13-year-old victim did not align with the situational evidence. The girl had initially alleged that she was assaulted by her classmates inside her house and the school restroom. However, following site inspections and digital evidence verification, the police found no proof backing the claims, leading to the release of the minors. Further inquiries are underway to understand why the girl made the false allegations.


