പത്തനംതിട്ട: തിമിര്‍ത്തു പെയ്ത മഴയില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ ദുരിതങ്ങള്‍ക്ക് അറുതിയില്ല. മഴ മാറി നില്‍ക്കുകയാണെങ്കിലും ദുരിതക്കാഴ്ചകളാണ് നാട്ടില്‍ എല്ലായിടത്തും. വെള്ളം ഇറങ്ങിയ മേഖലകളില്‍ നിന്നും നാശനഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതാണ്.
കുത്തിയൊഴുകിയ മണിമലയാറിനു കുറുകെ വെണ്ണിക്കുളത്തുണ്ടായിരുന്ന കോമളം പാലത്തിന്റെ ഒരുഭാഗം ഒഴുകിപ്പോയ സ്ഥിതിയാണ്. വെണ്ണിക്കുളം, തുരുത്തിക്കാട് കരകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലം കഴിഞ്ഞ രണ്ടുദിവസമായി മുങ്ങിക്കിടക്കുകയായിരുന്നു.
ഇന്നു രാവിലെ വെള്ളം ഇറങ്ങിയപ്പോഴാണ് തുരുത്തിക്കാട് ഭാഗത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണമായി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പാലത്തിനു ബലക്ഷയം ഉണ്ടായതായും സംശയമുണ്ട്. പാലം അടച്ചിരിക്കുകയാണ്.
കോട്ടയത്ത് പുല്ലകയാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കൂട്ടിക്കല്‍ ടൗണിന്റെ പാതി ഭാഗം ഒഴുകിപ്പോയിരുന്നു. അവശേഷിച്ചിരിക്കുന്നത് ചെളിയും മണ്ണും നിറഞ്ഞ് ആകെ നാശമായ അവസ്ഥയിലും. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. പല വീടുകളിലും മുട്ടറ്റവും അരയറ്റവും പൊക്കത്തില്‍ എക്കലും ചെളിയും അടിഞ്ഞിരിക്കുകയാണ്. വീട്ടിലെ ഉപകരണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. പലതും ചെളിയില്‍ പൂണ്ടു. വൈദ്യുതോപകരണങ്ങള്‍ ചെളികയറി കേടായി. ഫര്‍ണിച്ചറുകളും ഉപയോഗശൂന്യമായി.
വിവിധ ഭാഗങ്ങളിലായുണ്ടായ ഉരുള്‍പൊട്ടലില്‍ പുല്ലകയാറിലൂടെ ഒഴുകിയെത്തിയ തടിയും കല്ലും കൂട്ടിക്കല്‍ കോസ് വേയില്‍ വന്നു തങ്ങി. മുണ്ടക്കയം – കൂട്ടിക്കല്‍ – ഇളംകാട് റോഡ് പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ച രാവിലെ 10 മിനിറ്റുകൊണ്ട് പുല്ലുകയാര്‍ 15 അടിയിലേറെ മല വെള്ളം ഉയര്‍ന്നു പൊങ്ങിയതോടെ കൂട്ടിക്കല്‍ മുതല്‍ ചപ്പാത്ത്, വേലനിലം, മൂന്നാംമൈല്‍ മേഖലകളില്‍നിന്നായി നൂറുകണക്കിനാളുകള്‍ ജീവനുമായി സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വെള്ളമിറങ്ങിയതോടെ പലരും തിരികെ വീടുകളിലേക്കു തിരികെ എത്തിത്തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്തേക്കുള്ള വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനാല്‍ പലേടത്തും ഇനിയും വൈദ്യുതിയും വെളിച്ചവും എത്തിയിട്ടില്ല. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു.
മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, കെ. രാജന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ആന്േറാ ആന്റണി എംപി, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, പി.ടി. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ദുരന്തഭൂമി സന്ദര്‍ശിച്ചു. മന്ത്രിമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ മഴ മുണ്ടക്കയം പഞ്ചായത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പല മേഖലയിലേക്കും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ആയിട്ടില്ല. മണിമലയാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. ഇനിയും മഴയെത്തുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആയിരത്തിലധികം പേരെ വിവിധ ക്യാന്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.