കുട്ടിയെ തട്ടിക്കൊണ്ടു പോയത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും;കാര്‍ കസ്റ്റഡിയിലെടുത്തു, അന്വേഷണം കുട്ടിയുടെ അഛനിലേക്കും

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്ന് പൊലീസ്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ്  പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. 

സാമ്പത്തിക തര്‍ക്കം മൂലമാണ് കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്‌ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News