29.5 C
Kottayam
Monday, May 6, 2024

ട്രോഫിക്കുമേൽ കാൽകയറ്റിവെച്ചത് അനാദരവല്ല; വിവാദത്തോട് പ്രതികരിച്ച് ഓസീസ് താരം മിച്ചല്‍ മാർഷ്

Must read

മെല്‍ബണ്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ടീം ആറാം ലോകകിരീടം നേടിയതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകകപ്പ് നേട്ടത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന ഓസീസ് ഓള്‍റൗണ്ടറുടെ ചിത്രമാണ് ചര്‍ച്ചയായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ലോകകപ്പ് വിജയത്തിനു ശേഷം 12-ാം ദിവസമാണ് വിവാദത്തോട് മാര്‍ഷ് പ്രതികരിച്ചിരിക്കുന്നത്. വൈറലായ തന്റെ ആഘോഷം അനാദരവല്ലെന്ന് താരം പറഞ്ഞു. ”ആ ഫോട്ടോയില്‍ യാതൊരു അനാദരവും ഉണ്ടായിരുന്നില്ല. ഞാന്‍ അത് അധികം ചിന്തിച്ചിട്ടുപോലുമില്ല. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച പ്രതികരണങ്ങളില്‍ പലതും ഞാന്‍ കണ്ടിട്ടില്ല.” – ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് മാര്‍ഷ് പ്രതികരിച്ചു.

വിജയത്തിനു പിന്നാലെ ഡ്രസ്സിങ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരുകാലുകളും കയറ്റിവെച്ച് വിശ്രമിക്കുന്ന മാര്‍ഷിന്റെ ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ചിത്രം ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പിന്നീട് ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക പേജിലുള്‍പ്പെടെ പ്രത്യക്ഷപ്പെട്ട ചിത്രത്തിനു താഴെ വിമര്‍ശനവുമായി നിരവധിപ്പേരെത്തി.

നേരത്തെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, മാര്‍ഷിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എല്ലാ രാജ്യങ്ങളും എടുത്തുയര്‍ത്താന്‍ ആഗ്രഹിച്ച ആ കിരീടത്തോട് മിച്ചല്‍ മാര്‍ഷ് ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്ന് ഷമി മാധ്യമങ്ങളോട് പറഞ്ഞു. ആ ചിത്രം എന്നെയും വേദനിപ്പിച്ചു. കാരണം, ലോകകപ്പില്‍ കളിച്ച എല്ലാ രാജ്യങ്ങളും ആ കിരീടം എടുത്ത് തലക്ക് മുകളില്‍ ഉയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ മിച്ചല്‍ മാര്‍ഷ് ആ കിരീടത്തിന് മുകളില്‍ കാല്‍വെച്ചിരുന്നത് എനിക്കും ഇഷ്ടപ്പെട്ടില്ല. അയാള്‍ അത് ചെയ്യരുതായിരുന്നുവെന്നും ഷമി പറഞ്ഞു.

അതേസമയം, മിച്ചല്‍ മാര്‍ഷ് ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവെച്ച് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് യുപി സ്വദേശി കേശവ് ദേവ് എന്നയാള്‍ അലിഗഢിലെ ഡല്‍ഹി ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. സൈബര്‍ സെല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷമെ പരാതിയില്‍ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week