CrimeKeralaNews

രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ; നാല് സിംകാര്‍ഡുകൾ, രേഷ്മയും ആര്യയും ഒന്നിച്ചിരുന്ന് ചാറ്റിൽ ഏർപ്പെട്ടതായും സംശയം

ചാത്തന്നൂർ :കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചകേസിൽ അറസ്റ്റിലായ രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായി പോലീസ് കണ്ടെത്തി. നാല് സിംകാർഡുകൾ രേഷ്മ ഉപയോഗിച്ചിരുന്നെന്നും ഇതിൽ ഒന്ന് ഒഴിവാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. രേഷ്മ എത്ര മൊബൈൽ ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫെയ്സ്ബുക്ക് ഐ.ഡി.കളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ചാത്തന്നൂർ അസിസ്റ്റന്റ്‌ പോലീസ് കമ്മിഷണർ വൈ.നിസാമുദ്ദീൻ പറഞ്ഞു.

ഏറെസമയവും ഫോൺ ചാറ്റിങ്ങിൽ തുടരുന്നതിനു വഴക്കിട്ട് ഭർത്താവ് വിഷ്ണു രേഷ്മയുടെ ഫോൺ നശിപ്പിച്ചിരുന്നു. ഇതിനുശേഷം വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയുടെ സിംകാർഡാണ് രേഷ്മ ഉപയോഗിച്ചത്.ഇതിനെക്കുറിച്ച് അറിയുന്നതിനായി പാരിപ്പള്ളി പോലീസ് വിളിപ്പിച്ചദിവസമാണ് ആര്യ ബന്ധുവായ ഗ്രീഷ്മയെയും കൂട്ടി ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്തത്. ആത്മഹത്യക്കായി ഇറങ്ങിയപ്പോൾ ആര്യ കൈയിൽ കരുതിയിരുന്ന ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ആര്യ ഉപയോഗിച്ചിരുന്ന സിമ്മിന്റെ നമ്പരുകൾ കണ്ടെത്തിയിട്ടുണ്ട്. ഗ്രീഷ്മ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പരും പോലീസിന് ലഭിച്ചിട്ടുണ്ട്.

സൈബർ സെല്ലിന്റെ സാങ്കേതികസഹായം ഉപയോഗപ്പെടുത്തി രേഷ്മയുടെയും ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്ന സാമൂഹികമാധ്യമങ്ങളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. രേഷ്മയും ആര്യയും ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കയറി ഒന്നിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും കമന്റിടുകയും ചെയ്തതായും പോലീസ് സംശയിക്കുന്നു.

ഗൾഫിൽനിന്നെത്തിയ രേഷ്മയുടെ ഭർത്താവ് വിഷ്ണു ക്വാറന്റീനിലാണ്. വിഷ്ണുവിനെയും ആര്യയുടെ ഭർത്താവ് രഞ്ജിത്തിനെയും ഗ്രീഷ്മയുടെ ബന്ധുക്കളെയും വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. ആര്യയോടൊപ്പം ആറ്റിൽച്ചാടിമരിച്ച ഗ്രീഷ്മയുടെ മൃതദേഹം തിങ്കളാഴ്ച 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button