കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇരവിപുരം സ്വദേശിയായ അരുൺ കുമാറിനെയാണ് വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്. മകളെ ശല്യം ചെയ്‌തെന്നാരോപിച്ച് അരുണും പ്രസാദും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കൊല നടന്നത്. ഇപ്പോഴിതാ പ്രതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട അരുണിന്റെ പിതാവ്.
തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പ്രതി പ്രസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി മകൻ എവിടെയെന്ന് ചോദിച്ചിരുന്നു. ഇന്നത്തെ ദിവസം എനിക്ക് സംസാരിക്കാൻ അവനെ വേണമെന്ന് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി പ്രസാദിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
അരുണിന്റെ പിതാവിന്റെ വാക്കുകളിലേക്ക്…
‘പ്രസാദിന്റെ മകൾ അവിടെ നിന്നും മാറിത്താമസിച്ചിരുന്നു. നെല്ലുമുക്ക് ചിരട്ടക്കട ഭാഗത്തായിരുന്നു അവൻ താമസിക്കുന്നത്. ആ പെണ്ണ് തന്നെ മാറി നിൽക്കാൻ കാരണം, ഇവന്റെ സ്വഭാവദൂഷ്യം കാരണമാണ്. അവന്റെ വൈഫ് ഗൾഫിലാണ്. മകൾ കുളിക്കുന്നിടത്ത് വരെ ഒളിഞ്ഞുനോക്കുന്ന അച്ഛനാണ്. ഈ സംഭവത്തിന് ശേഷം മകൻ ഇടപെട്ടാണ് അവളെ അങ്ങോട്ടേക്ക് മാറ്റിയത്. അവന്റെ ഭാര്യയും വിളിച്ചു പറഞ്ഞിരുന്നു മകളെ അവിടെ നിർത്തരുതെന്ന്.
ഇന്നലെ മകനോട് സംസാരിക്കരുതെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൊലപാതകത്തിന് മുമ്പ് രണ്ട് മൂന്നുവട്ടം വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം മകൻ എന്റടുത്ത് വന്ന് പറഞ്ഞിരുന്നു, ഒരു എൻഗേജ്‌മെന്റ് നടത്താൻ. എന്നാൽ മകന് 19 വയസേ ഉള്ളൂ, ഞാൻ അവനോട് പറഞ്ഞത്, നമുക്ക് സമയമുണ്ട്, നമുക്ക് സ്വന്തമായി ഒരു കിടപ്പാടമെങ്കിലും ആവട്ടെ എന്നാണ്. ഇന്നലെ പെൺകുട്ടി നിൽക്കുന്ന സ്ഥലത്ത് വിളിച്ചുവരുത്തിയിട്ടാണ് അവൻ മകനെ കൊന്നത്’- പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അരുണിനെ പ്രസാദ് കുത്തിക്കൊലപ്പെടുത്തുന്നത്. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വൈകുന്നേരം ആറര മണിയോടെയാണ് കൃത്യം നടന്നത്. മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് പ്രസാദും അരുണും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഫോണിലൂടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
തുടർന്ന് ഇത് ചോദ്യം ചെയ്യാൻ തന്റെ സുഹൃത്തുക്കളേയും കൂട്ടി അരുൺ കുമാർ ഇരട്ടക്കടവ് എന്ന സ്ഥലത്തെത്തി. ഇവിടെ വച്ച് വീണ്ടും വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ അരുൺ പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ച് നിൽക്കുന്നതിനിടെ പ്രസാദും എത്തുകയായിരുന്നു. അരുണിനെ മകൾക്കൊപ്പം കണ്ട പ്രസാദ് വീട്ടിലുപയോഗിക്കുന്ന കത്തി കൊണ്ട് ആക്രമിക്കുകയും നെഞ്ചിൽ കുത്തുകയും ചെയ്തു.