കൊല്ലം: അഞ്ചലിലെ അര്‍പ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്. കൊല്ലം ജില്ലാ കളക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ വയോധികയെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ആശ്രയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന നിര്‍ദ്ദേശം അഞ്ചല്‍ വില്ലേജ് ഓഫിസര്‍ സ്നേഹാലയം ഭാരവാഹികള്‍ക്ക് കൈമാറി. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ സാമൂഹികനീതി വകുപ്പിനും നിര്‍ദേശം നല്‍കി.
ഓര്‍ഫനേജ് ബോര്‍ഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആശ്രയ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനില്‍ക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.
ആശ്രയ കേന്ദ്രം അന്തേവാസിയായ വയോധികയെ സ്ഥാപന ഉടമ ടി.സജീവന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥാപനത്തിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ സജീവനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ സ്ഥാപന ഉടമ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.