കൊല്‍ക്കത്ത: ഒടുവില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ആ പടുകൂറ്റന്‍ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ താരം വിരാട് കോലി. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പം കോലിയെത്തി. പിറന്നാള്‍ ദിനത്തില്‍ തന്നെ താരത്തിന് ഈ അപൂര്‍വനേട്ടം സ്വന്തമാക്കാന്‍ സാധിച്ചു.
2023 ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോലി ചരിത്രത്തിന്റെ ഭാഗമായത്. താരത്തിന്റെ 49-ാം ഏകദിന സെഞ്ചുറിയാണിത്. സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്. 290 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിന്‍ 463 മത്സരങ്ങള്‍ കളിച്ചാണ് 49 സെഞ്ചുറികള്‍ സ്വന്തമാക്കിയത്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ശ്രദ്ധാപൂര്‍വം കളിച്ച കോലി പതിവിന് വിപരീതമായി പതുക്കെയാണ് ബാറ്റുവീശിയത്. 119 പന്തുകളില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെയാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ത്തന്നെയാണ് കോലി 49-ാം സെഞ്ചുറി നേടിയത് എന്ന പ്രത്യേകതയുമുണ്ട് ഈ ഇന്നിങ്‌സിന്.
ഈ ലോകകപ്പിലെ കോലിയുടെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തേ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ താരം 97 പന്തില്‍ പുറത്താവാതെ 103 റണ്‍സെടുത്തിരുന്നു. ആറ് അര്‍ധസെഞ്ചുറിയും താരം നേടി.
അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 79-ാം സെഞ്ചുറി കൂടിയാണിത്. ടെസ്റ്റില്‍ 29 സെഞ്ചുറിയും ട്വന്റി 20യില്‍ ഒരു ശതകവുമാണ് കോലിയ്ക്കുള്ളത്. 100 സെഞ്ചുറികളുള്ള സച്ചിന്‍ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്. സച്ചിന് ടെസ്റ്റില്‍ 51 സെഞ്ചുറികളുണ്ട്.
ലോകകപ്പില്‍ 1500 റണ്‍സ് പിന്നിട്ട കോലി ലോകകപ്പ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 45 മത്സരങ്ങളില്‍ 2278 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 46 മത്സരങ്ങളില്‍ 1743 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും മാത്രമാണ് ലോകകപ്പ് റണ്‍വേട്ടയില്‍ ഇനി കോലിക്ക് മുന്നിലുള്ളത്.
സച്ചിനും രോഹിത് ശര്‍മക്കും ശേഷം ലോകകപ്പില്‍ ലോകകപ്പില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാവാനും കോലിക്കായി. സച്ചിന്‍ 2003, 2011 ലോകകപ്പിലും രോഹിത് 2019 ലോകകപ്പിലും 500 ലേറെ റണ്‍സ് നേടിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി.വിനോദ് കാംബ്ലി,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സനത് ജയസൂര്യ റോസ് ടെയ്‌ലർ, ടോം ലാഥം, മിച്ല്‍ മാര്‍ഷ് എന്നിവരാണ് കോലിക്ക് മുമ്പ് പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടിയവര്‍.