പാലസ്തീനില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി ബ്ലിങ്കൻ; മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി
റാമല്ല: വെസ്റ്റ് ബാങ്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അതീവ സുരക്ഷയുടെ അകമ്പടിയോടെ എത്തിയ ബ്ലിങ്കന്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പലസ്തീന്‍ അതോറിറ്റി പുറത്തുവിട്ടു.
വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അവിടേക്ക് മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും കൂടിക്കാഴ്ചയില്‍ മഹ്‌മൂദ് അബ്ബാസ് ബ്ലിങ്കനോട് ആവശ്യപ്പെട്ടതായി പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘ഗാസയിലെ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണവും അവിടെ നടക്കുന്ന വംശഹത്യയും വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവഗണിച്ചാണ് ഇസ്രയേല്‍ ഇത് ചെയ്യുന്നത്. നാലായിരം കുട്ടികളടക്കം പതിനായിരത്തോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും ആശുപത്രികളുമെല്ലാം തകര്‍ക്കപ്പെട്ടു. ഈ സമയത്ത് ഞങ്ങള്‍ക്കെങ്ങനെ നിശബ്ദരായിരിക്കാന്‍ കഴിയും?’, അബ്ബാസ് ബ്ലിങ്കനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലേക്ക് സഹായങ്ങളെത്തിക്കാനും അവശ്യസേവനങ്ങള്‍ പുനഃസ്ഥാപിക്കാനും യു.എസ്. പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചയില്‍ ആന്റണി ബ്ലിങ്കന്‍ മഹ്‌മൂദ് അബ്ബാസിനോട് പറഞ്ഞതായി അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്ന പലസ്തീനികളുടെ ആവശ്യത്തോടും യു.എസ്. പ്രതിജ്ഞാബദ്ധരാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ബ്ലിങ്കന്‍ റാമല്ലയിലെത്തിയത്. സുരക്ഷാകാരണങ്ങളാലാണ് വെസ്റ്റ് ബാങ്ക് സന്ദര്‍ശനം നേരത്തേ പ്രഖ്യാപിക്കാതിരുന്നത്.