തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് എം ജോസ് പക്ഷവുമായി എല്‍.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് അനുസരിച്ച് എല്‍.ഡി.എഫിന്റെ തീരുമാനം എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
എല്‍.ഡി.എഫില്‍ ചേരണമെന്ന താല്പര്യം ജോസ് പക്ഷം പ്രകടിപ്പിച്ചിട്ടില്ല. എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നുള്ളത് അവര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ മാത്രമേ എന്തുരാഷ്ട്രീയ നിലപാടാണ് അവര്‍ എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാവുകയുള്ളൂ. അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നോക്കിയായിരിക്കും ആ പാര്‍ട്ടിയോടുളള എല്‍.ഡി.എഫിന്റെ സമീപനമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജനപിന്തുണയുള്ള കക്ഷിയെന്നും കോടിയേരി ആവര്‍ത്തിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് പിന്തുണ നഷ്ടമായി എന്നില്ല. ഒരോ കക്ഷിക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. സിപിഐയോട് കൂടി ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.