ഞാനാ സുനിയാണേ, കൊടിയാ..; സ്വര്‍ണക്കടത്തില്‍ കൊടി സുനിയുടെ ജയിലില്‍ നിന്നുള്ള ഭീഷണി സന്ദേശം പുറത്ത്

കണ്ണൂര്‍: കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പങ്ക് വ്യക്തമാക്കുന്ന കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്. കൊയിലാണ്ടി അഷ്‌റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കണ്ണൂര്‍ ജയിലിലാണ് ഇപ്പോള്‍ കൊടി സുനിയുള്ളത്. ഇവിടെ നിന്നു റെക്കോഡ് ചെയ്ത ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്.

ശബ്ദ സന്ദേശം ഇങ്ങിനെയാണ്:

‘ഞാനാ സുനിയാണേ, കൊടിയാ. കൊയിലാണ്ടിയിലെ അഷ്‌റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ. അത് നമ്മുടെയൊരു കമ്പനിയാ കൊണ്ടുപോയേ. ഇനി അതിന്റെ പുറകെ നടക്കണ്ട..കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല. തത്കാലം ഇപ്പോള്‍ വേറെയാരോടും പറയാന്‍ നില്‍ക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്പനിയാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാന്‍ പറ്റത്തില്ല. കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനിയതിന്റെ പുറകെ പോകാന്‍ നില്‍ക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടുത്തേക്ക് കാര്യങ്ങള്.’ -കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്‌റഫിന് നല്‍കിയ ശബ്ദസന്ദേശമാണിത്.

സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് കൊടി സുനിയുടെ നിര്‍ദേശ പ്രകാരമാണെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അഷ്‌റഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News