KeralaNews

അത് ‘ലവ് ജിഹാദ്’ അല്ല, പ്രണയവിവാഹത്തില്‍ അസ്വാഭാവികതയില്ല; ജോര്‍ജ് എം തോമസിനെ തള്ളി സി.പി.എം

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിലെ പ്രാദേശിക നേതാവായ ഷെജിന്റെ വിവാഹം ലവ് ജിഹാദ് അല്ലെന്ന് സി.പി.എം. ലവ് ജിഹാദ് പ്രചാരണം ആര്‍എസ്എസിന്റേതെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. വിഷയത്തില്‍ മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പിശകു പറ്റിയതാണ്. ജോര്‍ജ് എം തോമസ് ഇക്കാര്യം പാര്‍ട്ടിയോട് സമ്മതിച്ചതായും പി മോഹനന്‍ പറഞ്ഞു.

കോടഞ്ചേരിയില്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വിവാഹിതരായ സംഭവത്തില്‍ യാതൊരു അസ്വാഭാവികതയും പാര്‍ട്ടി കാണുന്നില്ല. രാജ്യത്തെ നിലവിലെ നിയമപ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാനും ഒന്നിച്ചു ജീവിക്കാനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അത് വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടിയേയോ മറ്റോ ബാധിക്കുന്നില്ല.

അതേസമയം ഷെജിന്‍ ഒളിച്ചോടിയത് ശരിയായില്ലെന്നും മോഹനന്‍ വ്യക്തമാക്കി. വീട്ടുകാരുമായി ആലോചിച്ച്, വേണ്ടപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്തി വിവാഹം കഴിക്കണമായിരുന്നു. അതല്ലെങ്കില്‍ പാര്‍ട്ടിയെ അറിയിക്കണമായിരുന്നു. എങ്കില്‍ പാര്‍ട്ടി പെണ്‍കുട്ടിയുടെ കുടുംബത്തെയും കൂടി ബോധ്യപ്പെടുത്തി നല്ല നിലയില്‍ കല്യാണം നടത്തുന്നതിന് മുന്‍കൈ എടുക്കുമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം യുവാവിനൊപ്പം ജീവിക്കാന്‍ വീടു വിട്ടിറങ്ങിയതാണെന്ന് യുവതി കോടതിയെ അറിയിച്ചിട്ടുണ്ട്.

തങ്ങള്‍ വിവാഹിതരായെന്നും, ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഈ നിലപാട് കോടതിയും അംഗീകരിച്ചിട്ടുണ്ട്. സ്വാഭാവികമായി ഈ വിഷയം അവസാനിച്ചു. അതേസമയം വിവാഹത്തിനായി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും പി മോഹനന്‍ പറഞ്ഞു.കോടഞ്ചേരിയിലെ പ്രണയവിവാഹത്തില്‍ ലവ് ജിഹാദൊന്നും ഉള്‍പ്പെട്ടിട്ടേയില്ല.

ലവ് ജിഹാദ് എന്നൊക്കെ പറയുന്നത് ആര്‍എസ്എസും സംഘപരിവാറും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആക്ഷേപിക്കാനും ആക്രമിക്കാനും ബോധപൂര്‍വം എഴുന്നള്ളിച്ചുകൊണ്ടുവരുന്ന പ്രയോഗങ്ങളാണ്. ഇതിനകത്ത് അത്തരം പ്രശ്നങ്ങളൊന്നുമില്ല. ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പാര്‍ട്ടിയുടെ പൊതു നിലപാടിന് വിരുദ്ധമാണ്. അത് അദ്ദേഹത്തിന്റെ നാക്കുപിഴയായി കണക്കാക്കിയാല്‍ മതിയെന്നും പി മോഹനന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button