KeralaNews

ഭാഷാപഠനം സാധ്യതകളുടെ പുതിയ ലോകം! സംസ്കൃത സർവ്വകലാശാലയിൽ വിവിധ ഭാഷകളിൽ പി. ജി. പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രില്‍ 22

കൊച്ചി:രസകരമാണ് ഭാഷാപഠനം. ഒപ്പം അവസരങ്ങളിലേക്കുളള നടപ്പാത കൂടിയാണ്.  പരമ്പരാഗത തൊഴിലുകൾക്കൊപ്പം പുതിയ ലോകത്തിലെ തൊഴിലുകളും ഭാഷാപഠനത്തിലൂടെ കൈയ്യെത്തിപ്പിടിക്കാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഹിന്ദി, ഉർദ്ദു എന്നിങ്ങനെ വിവിധ ഭാഷകളിൽ പഠനം നടത്തി  സ്വദേശത്തും വിദേശത്തും വിവിധ തൊഴിലവസരങ്ങൾ നേടിയെടുക്കുവാനുളള അവസരങ്ങൾ വിനിയോഗിക്കണം.


 
അവസരങ്ങൾ അനേകം
വിവിധ ഭാഷകളിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് ഇന്ന് തൊഴിലവസരങ്ങൾ അനേകമാണ്. എന്നാൽ ഭൂരിഭാഗം പേരും അധ്യാപനം മാത്രം ലക്ഷ്യം വയ്ക്കുന്നവരാണ്.  സ്കൂളുകൾക്കും ആ‍ർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും പുറമെ ഇപ്പോൾ എഞ്ചീനിയറിംഗ് കോളേജുകളിൽ ഇംഗ്ലീഷ് പോലുളള വിഷയങ്ങൾ പഠിച്ചവർക്ക് അധ്യാപനത്തിനുളള അവസരങ്ങളുണ്ട്. സംസ്കൃതം പഠിച്ചവർക്ക് ആയുർവേദ മെഡിക്കൽ കോളേജുകളിലും അധ്യാപകരായി ജോലി നേടാം.


 
എന്നാൽ അധ്യാപനമല്ലാതെയും അനേകം തൊഴിലവസരങ്ങൾ നിലവിലുണ്ട്.  അതിൽ ഏറ്റവും പ്രധാനം പബ്ലിഷിംഗ് മേഖലയാണ്.  ഡിജിറ്റൽ പബ്ലിഷിംഗ് മേഖലയിൽ തൊഴിലവസരങ്ങൾ ഏറെയാണ്. മറ്റൊരു പ്രധാന തൊഴിൽ മേഖല മാധ്യമ പ്രവർത്തനമാണ്.  നന്നായി ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നവർക്ക് കോപ്പി റൈറ്ററായി പരസ്യമേഖലയിൽ ശോഭിക്കാം. 

പരിഭാഷ, കണ്ടന്റ് ഡെവലപ്പിംഗ്, കോപ്പി എഡിറ്റിംഗ് തുടങ്ങിയ തൊഴിൽ മേഖലകളും ഭാഷാപഠനം നടത്തിയവർക്ക് തെരഞ്ഞെടുക്കാവുന്ന തൊഴിൽ മേഖലകളാണ്. ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്, നോളജ് പ്രൊസസ് ഔട്ട്സോഴ്സിംഗ് തുടങ്ങി കോർപറേറ്റ് മേഖലയിൽ ഒട്ടേറെ അവസരങ്ങളാണ് ഇംഗ്ലീഷ് ഭാഷയിൽ വൈദഗ്ധ്യം നേടിയവരെ കാത്തിരിക്കുന്നത്.


 
ഭാഷ കയ്യിലുണ്ടെങ്കിൽ ജോലി നിങ്ങളെ തേടി വരും.  ഏതെങ്കിലുമൊരു തൊഴിലിൽ അല്ലെങ്കിൽ ജോലിയിൽ എത്തിപ്പെടാനുളള ഉപകരണമായി ഭാഷ പലപ്പോഴും മാറാറുണ്ട്.  ഭാഷ കൈകാര്യം ചെയ്യാനും നന്നായി ആശയവിനിമയം നടത്താനുമുളള കഴിവ് ഒരു ജോലിയിലേക്കുളള ചവിട്ടുപടിയാണ്. ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും.


 
ടെക്നിക്കൽ റൈറ്റിംഗ് അഥവ സാങ്കേതിക രചന എഴുതുവാനുളള അഭിരുചിയും ഐ ടി പശ്ചാത്തലത്തെ സംബന്ധിച്ച് അടിസ്ഥാനബോധവും ഉണ്ടെങ്കിൽ സാങ്കേതിക രചനാ രംഗത്ത് ഭാഷാപഠനത്തിൽ പ്രാവീണ്യം നേടിയവർക്ക് തൊഴിൽ നേടാൻ കഴിയും. സംസ്കൃത ഭാഷയിൽ പ്രാവീണ്യം നേടിയവർക്ക്  ഇൻഫർമേഷൻ ടെക്നോളജി, ഡിജിറ്റൽ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്. മെഡിക്കൽ, എഞ്ചീനിയറിംഗ്, ശാസ്ത്രം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഐ ടി തുടങ്ങി എല്ലാ മേഖലകളിലും സാങ്കേതിക രചനാ വിദഗ്ധർക്ക് തൊഴില്‍ സാധ്യതകളുണ്ട്.

സാങ്കേതിക വിഷയങ്ങൾ ലളിതമായി അതത് ഭാഷകളിൽ അവതരിപ്പിക്കുന്നതിന് ആശയവിനിമയ മികവും സാങ്കേതിക പരിജ്ഞാനവുമുളളവരെ വിവിധ ഭാഷകളിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്ററായി ഇന്ത്യൻ / വിദേശ കമ്പനികൾക്ക് ആവശ്യമുണ്ട്.


 
സംസ്കൃത സർവ്വകലാശാലയിൽ വിവിധ ഭാഷകൾ പഠിക്കാം
ശ്രീ ശങ്കരാചാര്യ സംസ്കൃ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും സംസ്കൃത ഭാഷയുടെ വിവിധ സ്പെഷ്യലൈസേഷനുകളായ സംസ്കൃത സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃത ജനറൽ, സംസ്കൃതം വേദിക് സ്റ്റഡീഡ്, എന്നിവയും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, അറബിക്, ഉര്‍ദു, കമ്പാരറ്റീവ് ലിറ്ററേച്ചര്‍ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനും പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആന്റ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി പ്രോഗ്രാമിനും ഇപ്പോൾ അപേക്ഷിക്കാം.


 
പ്രവേശനം എങ്ങനെ?
പി. ജി. പ്രോഗ്രാമുകള്‍: പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പി. ജി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ.  ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ  എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ഇവർ 31.08.2022 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്,   പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത് 40% മാര്‍ക്ക് നേടുന്നവര്‍ക്കാണ് പ്രവേശനത്തിന് യോഗ്യത. എസ്. സി. / എസ്. ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യോഗ്യത മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ് ലഭിക്കും.


 
പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് വയസ്സ് നിബന്ധനകളില്ല.


 
അവസാന തീയതി ഏപ്രിൽ 22
ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2463380.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍:. 9447123075

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker