കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെ’,പോലീസ് കോടതിയില്‍ റിപ്പോർട്ട് നൽകി
തൃശ്ശൂർ: കൊടകരയിൽ കവർച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇരിങ്ങാലക്കുട കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കവർച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് ധർമ്മരാജനും സുനിൽ നായിക്കും സമർപ്പിച്ച ഹർജിയിൽ മറുപടി നൽകവേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പണം കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത് കുഴൽപ്പണം തന്നെയാണെന്നും കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്നും റിപ്പോർട്ടിലുണ്ട്.
കമ്മീഷൻ അടിസ്ഥാനത്തിലാണ് ധർമ്മരാജനും സുനിൽ നായിക്കും ഉൾപ്പെടെയുള്ളവർ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഡിവൈഎസ് പി വി.കെ. രാജു കോടതിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു. പണം യാതൊരു കാരണവശാലും ധർമരാജനോ സുനിൽ നായിക്കിനോ വിട്ട് നൽകാൻ കഴിയില്ലെന്ന നിലപാടാണ് പോലീസ് കോടതിയിൽ സ്വീകരിച്ചത്.