ബംഗളൂരു: കർണാടകയിലെ കുടകിൽ ട്രെക്കിംഗിനിടെ കൊടുംവനത്തിൽ കുടുങ്ങിയ ശരണ്യയെ നാലാം ദിനം രക്ഷപ്പെടുത്താനായത് വലിയ വിജയമായാണ് എല്ലാവരും കണ്ടത്. എന്നാൽ ഈ സംഭവം വ്യാജമാണെന്ന ആരോപണമാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്. കഴിഞ്ഞദിവസം ബിജെപി നേതാവ് ഇക്കാര്യത്തിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ നാപോക്ലു പൊലീസ് സ്റ്റേഷനിലാണ് ബിജെപി നേതാവ് പരാതി നൽകിയത്. അതിജീവന കഥ വ്യാജമായി സൃഷിച്ചതാണെന്നും സർക്കാരിന് യുവതി വൻ നഷ്ടം വരുത്തിയെന്നും ബിജെപി നേതാവ് പരാതിയിൽ പറയുന്നു. വിഷയം പരിശോധിച്ച് വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ശേഷം ശരണ്യയുമായി സംസാരിച്ചപ്പോൾ സംശയം തോന്നിയില്ലെന്നും എന്നാൽ പരാതി ഉയർന്ന സ്ഥിതിക്ക് വിശദമായ പരിശോധന നടത്തുമെന്നും രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കോഴിക്കോട് നാദാപുരം സ്വദേശിയും സോഫ്‌റ്റ്‌വെയർ എൻജിനിയറുമായ ജി എസ് ശരണ്യ എന്ന മുപ്പത്തിയാറുകാരി ഏപ്രിൽ രണ്ടിനാണ് മടിക്കേരിയിൽ നിന്നുള്ള ട്രെക്കിംഗിനിടെ വഴി തെറ്റിയത്. ഉടൻതന്നെ അവർ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ വിവരമറിയിച്ചതാണ് ശരണ്യ വഴിതെറ്റിയ സ്ഥലത്തെക്കുറിച്ചുള്ള ഏകദേശ ഊഹം രക്ഷാപ്രവർത്തകർക്ക് നൽകിയത്. വഴിതെറ്റിയതായി സന്ദേശം അയച്ച സ്ഥലത്തുനിന്ന് നാലര കിലോമീറ്റർ ഉൾക്കാട്ടിലെ പാറപ്പുറത്താണ് രക്ഷാപ്രവർത്തകർ ശരണ്യയെ കണ്ടെത്തിയത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ് ഇവിടെ. എന്നാൽ ഒരു പോറലുമേൽക്കാതെയാണ് ശരണ്യയെ മടങ്ങിയെത്തിയത്.
അരുവി ഒഴുകുന്ന വഴി നോക്കി നടന്നും രാത്രി പാറപ്പുറത്ത് കിടന്നുറങ്ങിയുമാണ് മനോധൈര്യം കൈവിടാതെ കഴിഞ്ഞതെന്നാണ് പുറത്തെത്തിയ ശരണ്യ പറഞ്ഞത്. ഡ്രോണുകളുടെ ശ്രദ്ധയിൽപ്പെടാനായി തുറന്ന സ്ഥലത്ത് ചെലവഴിക്കുകയും ഇടയ്ക്ക് കൂകി വിളിക്കുകയും ചെയ്തിരുന്നു. ഈ ശബ്ദമാണ് ശരണ്യയെ കണ്ടെത്താൻ ദൗത്യസംഘങ്ങളെ തുണച്ചത്. നാലുദിവസം വെള്ളം മാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെയാണ് ശരണ്യ പുറത്തേക്കുവന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം ഇത് വ്യാജമാണെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു.
‘ഇതൊരു വ്യാജ പ്രചാരണമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ നാല് ദിവസം കാട്ടിൽ കഴിഞ്ഞ ആ യുവതി എങ്ങനെയാണ് ഇത്രയും ഊർജ്ജസ്വലയായി കാണപ്പെടുന്നത്. സംശയാസ്പദമായ എന്തോ ഒന്ന് നടന്നിട്ടുണ്ട്. സംഭവം അന്വേഷിക്കണം. വന്യമൃഗങ്ങളാൽ ചുറ്റപ്പെട്ട കാട്ടിൽ അതിജീവിക്കാൻ സാദ്ധ്യത കുറവാണ്’- എന്നാണ് പലരുടെയും അഭിപ്രായം.
English Summary
The survival story of Sharanya, who was rescued after four days in the dense forests of Kodagu, Karnataka, has come under scrutiny following allegations of it being a hoax. A BJP leader filed a complaint at the Napoklu police station, claiming that the incident was staged and caused significant financial loss to the state government. While an FIR has not been registered yet, the police have initiated a preliminary investigation. The complainant has demanded a detailed explanation regarding the authenticity of the survival claims. Although rescue officers initially found nothing suspicious in her statements, they have agreed to conduct a thorough probe in light of the official complaint.


