കൊച്ചി: കൊച്ചിയിൽ മദ്യപിച്ച് ഫ്ലാറ്റിൽ പാതിരാത്രിയിൽ പ്രശ്നമുണ്ടാക്കിയ സംഘത്തെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസുകാർക്ക് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. അക്രമത്തിൽ തൃക്കാക്കര സിഐയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിനെ യുവാക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ താമസിച്ചിരുന്ന അഞ്ച് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി മരോട്ടിച്ചുവട് ഉണ്ണിച്ചിറയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇവിടെയുള്ള ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന യുവാക്കളാണ് മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ടത്. നഗരത്തിലെ പ്രമുഖ മാളിലെ ജീവനക്കാരായ അഞ്ച് യുവാക്കൾ ഒന്നിച്ച് താമസിക്കുന്ന ഫ്ലാറ്റിലേക്കാണ് നാട്ടുകാരും കെയർടേക്കറും അറിയിച്ചതനുസരിച്ച് പോലീസ് എത്തിയത്. പുലർച്ചെ യുവാക്കൾ തമ്മിൽ മദ്യപിച്ച് വലിയ രീതിയിൽ തർക്കവും ബഹളവുമുണ്ടായതോടെ ഫ്ലാറ്റിലെ കെയർടേക്കർ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാക്കളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ഇവർ പോലീസിനോട് കടുത്ത ഭാഷയിൽ തട്ടിക്കയറുകയായിരുന്നു. തുടർന്ന് പോലീസുകാരെ അക്രമികൾ ഫ്ലാറ്റിനുള്ളിൽ വെച്ച് ക്രൂരമായി മർദിച്ചു. ഇതിനിടയിലാണ് തൃക്കാക്കര സിഐയ്ക്ക് കൈക്ക് പരിക്കേറ്റത്. കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെയാണ് അക്രമികളായ അഞ്ച് പേരെയും കീഴ്പ്പെടുത്തിയത്. പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
English Summary
A team of police officers was brutally attacked by a group of youth in Kochi when they arrived to detain them for creating a drunken brawl. Thrikkakara CI sustained injuries on his hand during the scuffle and has been hospitalized. The incident took place during the early hours of Saturday at a rented flat in Unnichira near Marottichuvadu. Five youths, who are employees of a prominent shopping mall, were taken into custody after the flat caretaker alerted the police about their violent behavior. A video of the youth attacking the police has also surfaced online.


