കൊച്ചി: കൊച്ചി മെട്രോയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇന്ന് സൗജന്യ യാത്ര. അധ്യാപക ദിനവും ഇന്നത്തെ ലോക സാക്ഷരതാ ദിനവും പ്രമാണിച്ചാണ് സൗജന്യ യാത്ര ഒരുക്കുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരോടുള്ള ആദരവായാണ് ഇത്.
സ്‌കൂള്‍ ഐഡി കാര്‍ഡുമായി എത്തിയാല്‍ അധ്യാപകര്‍ക്ക് മെട്രോ ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാം. രാവിലെ മുതല്‍ രാത്രി വരെയുള്ള യാത്രകള്‍ക്ക് ഇളവുണ്ടാകുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. ഇതിനായി വിവിധ പദ്ധതികള്‍ ആരംഭിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍, ജീവനക്കാര്‍ അടക്കം എല്ലാവരെയും മെട്രോയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
സോഷ്യല്‍ മീഡിയ അടക്കം ഇതിനായി പ്രയോജനപെടുത്തും. ദൈനം ദിന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മാത്രമേ വരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ രൂപീകരിക്കും. ഇതിനായി ഫെയ്‌സ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയകള്‍ ഉപയോഗപെടുത്തും. വിശേഷ ദിവസങ്ങളില്‍ ഓഫറുകള്‍ നല്‍കുമെന്നും മെട്രോയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരിന്നു.