KeralaNews

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിൽ മെട്രോ പാത ഒരുങ്ങുന്നത്. കുന്നുംപുറത്ത് ബുധനാഴ്ച രാവിലെയാണ് പൈലിങ് ജോലികൾ ആരംഭിച്ചത്.

നീണ്ടകാലത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കാക്കനാട് റൂട്ടിൽ മെട്രോയുടെ നിർമാണത്തിന് തുടക്കമാകുന്നത്. കലൂർ സ്റ്റേഡിയം മുതൽ 11.2 കിലോമീറ്റർ നീളമാണ് പുതിയ റൂട്ടിനുള്ളത്. 2026 മാർച്ചിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് കെ.എം.ആർ.എൽ. വ്യക്തമാക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്.

അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമാണം. ടെസ്റ്റ് പൈലിങ്ങാണ് ആദ്യം നടക്കുന്നത്. ഇത് വിലയിരുത്തിയതിനു ശേഷമായിരിക്കും തുടർ പൈലിങ്.

ഇത് മെട്രോയുടെ പ്രധാനപ്പെട്ട ലൈനുകളിൽ ഒന്നാണ്. പണിപൂർത്തിയാക്കുന്നതിന് ചില വെല്ലുവിളികൾ ഉണ്ട്. ജനങ്ങൾ തിങ്ങിനിറഞ്ഞു പാർക്കുന്ന ഇടമാണ്. ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായി തയ്യാറാവുകയാണെന്ന് കെഎംആർഎൽ എംഡി ലോക് നാഥ് ബഹ്റ പറഞ്ഞു.

ബാരിക്കേഡ് ചെയ്തശേഷം അതിനുള്ളിലായിരിക്കും നിർമാണം. നിർമാണ സമയത്ത് ഗതാഗതം വഴി തിരിച്ചുവിടുന്നതിനാവശ്യമായ ഇടറോഡുകളും നിശ്ചയിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടുന്നത് ഉൾപ്പെടെയുള്ള മുന്നൊരുക്ക ജോലികൾ ഇവിടെ നേരത്തേതന്നെ തുടങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button