കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ 100 കോടി പിഴ ചുമത്തിയ ഹരിത ട്രിബ്യൂണല്‍ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി കൊച്ചി കോര്‍പ്പറേഷന്‍. വിധി നടപ്പാക്കേണ്ടി വന്നാല്‍ കോര്‍പ്പറേഷന് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ട്രിബ്യൂണലിന്റെ ഉത്തരവ് കോര്‍പ്പറേഷന്റെ വാദം കേള്‍ക്കാതെയാണെന്നും കോര്‍പ്പറേഷനുണ്ടായ നഷ്ടം കണക്കാക്കാതെയാണ് പിഴ ചുമത്തിയതെന്നും മേയര്‍ ആരോപിച്ചു. ബ്രഹ്മപുരത്തേത് കഴിഞ്ഞ നഗരസഭയുടെ കാലത്തുണ്ടായ പിഴവുകളാണെന്നും ഇത്രയും നാള്‍ മിണ്ടാതെയിരുന്നത് ഒരു ദിവസം സത്യം പുറത്തുവരുമെന്നത് കൊണ്ടാണെന്നും മേയര്‍ പറഞ്ഞു.
‘നിയമവിദഗ്ധരുമായി ആലോചിച്ച് വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കും. നീതി കിട്ടണമെന്നുള്ളതു കൊണ്ടാണ് സ്റ്റേയ്ക്കു പോകുന്നത്. ട്രിബ്യൂണല്‍ ഉന്നയിച്ച ചില പ്രധാനപ്പെട്ട കാര്യങ്ങളെ ഗൗരവമായി കാണുന്നു. പരിസ്ഥിതിയ്ക്കു സംഭവിച്ച ആഘാതത്തെക്കുറിച്ച് തീര്‍ച്ചയായും കൊച്ചി നഗരസഭ പഠിക്കുക തന്നെ ചെയ്യും’ മേയര്‍ വ്യക്തമാക്കി.