കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരേ കൂടുതൽ അന്വേഷണത്തിന് പോലീസ്. നോർത്ത് പറവൂർ കുത്തിയതോട് ചാലക്കക്കടവിൽ വീട്ടിൽ സഫീന (27), ഇരുമ്പനം മനയിൽ അമൽ (32), വൈറ്റില ഷൈൻറോഡിൽ കോയിത്താരവീട്ടിൽ ജോൺ രാഹുൽ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകൻ (29) എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്.
ഒന്നാംപ്രതി സഫ്നയൊഴികെയുള്ള മറ്റ് പ്രതികൾ ലഹരിക്കടത്ത്, മർദനക്കേസുകളിൽ പ്രതികളാണ്. ഇവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങൾ പോലീസ് സംഘം ശേഖരിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളാണെങ്കിൽ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിഗണിക്കും.
സംഘം മുൻപും ഹണിട്രാപ്പ് നടത്തി പണം തട്ടിയതായി സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പനമ്പിള്ളിനഗറിൽ നടന്നത് ഹണിട്രാപ്പ് ആയിരുന്നുവെന്നാണ് പോലീസ് നിഗമനം. പദ്ധതി വിജയിക്കാതെ വന്നതോടെയാണ് പ്രതികൾ സംഘം ചേർന്ന് യുവാവിനെ മർദിച്ചത്.
ഭിന്നശേഷിക്കാരനായ യുവാവിനെ നാലംഗസംഘം പനമ്പിള്ളിനഗറിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. ഒന്നാംപ്രതി സഫ്‌നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കേസിൽ നാലുപ്രതികളെയും കടവന്ത്ര പോലീസ് പിടികൂടി.


