നെടുമ്പാശ്ശേരി: ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായി ജീവൻ രക്ഷാ മാർഗങ്ങളുടെ (സി.പി.ആർ) പരിശീലനമായ ഹാർട്ട് ബീറ്റ്സ് 28,523 പേർക്ക് പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോർഡും ഹാർട്ട് ബീറ്റ്സ് കരസ്ഥമാക്കി. കൈകൾ ഉപയോഗിച്ചുള്ള പരിശീലനത്തിലാണ് റിക്കാർഡ്. നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ
ജില്ലാ ഭരണകൂടം, ഏയ്ഞ്ചൽ ഇൻറർനാഷണൽ ഫൗണ്ടേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 9 ന് ജസ്റ്റീസ് സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു. 323 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിദ്യാർത്ഥികളെ പത്തു പേരടങ്ങുന്ന ബാച്ചായി തിരിച്ചാണ് പരിശീലനം നൽകിയത്. നേരത്തെ പരിശീലനം നേടിയ വിദ്യാർത്ഥികൾ തന്നെയാണ് പത്ത് പേരടങ്ങുന്ന ബാച്ചിന് പരിശീലനം നൽകിയത്. ഒരു മണിക്കൂറാണ് ഓരോ ടീമിനും അനുവദിച്ചത്. വൈകീട്ട് അഞ്ചര വരെ തുടർന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഋഷി നാഥ് സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ സവിത യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു ഇതിനു മുമ്പ് ഈ വിഭാഗത്തിൽ റിക്കാർഡ്. 28,015 പേർക്കാണ് സവിത യൂണിവേഴ്സിറ്റി ഒറ്റ ദിവസത്തിൽ പരിശീലനം നൽകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News