കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്തൊമ്പതുകാരിയായ മോഡലിനെ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മോഡലിന്‍റെ സുഹൃത്തും പ്രതിയുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി 21), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), ,ടിആർ സുദീപ് (34), നിധിൻ മേഘനാഥൻ (35) എന്നിവരെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. യുവാക്കൾക്ക് വേണ്ട ഒത്താശ ചെയ്ത് നൽകിയത് ഡോളിയാണെന്ന റിപ്പോർട്ട്. പ്രതികൾ ബാറിലെത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡിമ്പിളിന്റെ സുഹൃത്തുക്കളാണു അറസ്റ്റിലായ യുവാക്കൾ. ഇവരുടെ ക്രിമിനൽ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്.
നിധിൻ മേഘനാധന്‍റെ പേരിൽ മറ്റൊരു കേസ് നിലവിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡിജെ പാർട്ടി നടന്ന ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഹോട്ടലിൽ പോലീസും എക്സൈസും പരിശോധന നടത്തിയിരുന്നു. തനിക്ക് ബിയറിൽ പൊടി കലർത്തി നൽകിയെന്നാണ് യുവതി നൽകിയ മൊഴി. ഈ സാഹചര്യത്തിൽ ഹോട്ടൽ കേന്ദ്രീകരിച്ചു ലഹരി ഇടപാടുകൾ നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവം. ഇടപാടുകളത്രയും നടക്കുന്നത് ഡിജെ പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ. മോഡൽ ബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം സംഘങ്ങളുടെ ഇടപെടൽ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഡിമ്പിള്‍ ലാമ്പയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ലഹരി, ഡി ജെ പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിലാണ് കൊച്ചിയിൽ പെൺവാണിഭം തഴച്ചുവളരുന്നതെന്നാണ് പോലീസ് നൽകുന്ന സൂചന. മോഡലുകൾ എന്ന വ്യാജേനയാണ് വാണിഭ സംഘങ്ങൾ പെൺകുട്ടികളെ എത്തിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിലായവർക്കും പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മോഡലിംഗിൽ വൻ അവസരങ്ങളാണ് പെൺകുട്ടികൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ അകൃഷ്ടരായി നിരവധി പെൺകുട്ടികളാണ് കൊച്ചിയിൽ എത്തുന്നത്. തുടർന്ന് ഭീഷണിപ്പെടുത്തിയും മറ്റും ലഹരി, ഡി ജെ പാർട്ടികൾക്കെത്തിച്ച് ആവശ്യക്കാർക്ക് കൈമാറുന്നതാണ് രീതി.
കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ യുവാക്കൾ ഡിമ്പിൾ എന്ന ഡോളിയെ വിളിച്ച് പാർട്ടിയിൽ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗം ആസൂത്രിതമാണെന്ന് പോലീസ് വ്യക്തമാക്കുന്നത്. ഡിമ്പിൾ കൊച്ചിയിലെ വിവിധ ഇടങ്ങളിൽ ലഹരി പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ പല ഫാഷൻ ഷോകളിലും ഡിമ്പിൾ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അറസ്റ്റിലായ മൂന്ന് പേർക്കും ഡിമ്പിളുമായി നേരത്തെ പരിചയമുണ്ട്. വിവേകും ഡിമ്പിളും ഒരുമിച്ച് യാത്രകൾ നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. പാർട്ടിയിലേക്ക് തന്നെ നിർബന്ധിച്ച് കൊണ്ടുപോയത് ഡിമ്പിളാണെന്നും പാർട്ടിക്കിടെ ബിയറിൽ എന്തോ പൊടി കലർത്തി നൽകിയെന്നും ബലാത്സംഗത്തിന് ഇരയായ മോഡൽ മൊഴി നൽകിയിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തതവരൂ. പ്രിതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.