കൊച്ചി:ഹണിട്രാപ്പില്‍ പെടുത്തി ഡോക്ടറില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതയടക്കം 3 പേര്‍ പിടിയില്‍. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയെത്തുടര്‍ന്നാണ് തൃക്കാക്കര അസി.കമ്മിഷണര്‍ ജിജിമോന്‍, ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, എസ്‌ഐമാരായ സുരേഷ്, മധു, ജോസി, എഎസ്‌ഐമാരായ അനില്‍കുമാര്‍, ബിനു, പൊലീസുകാരായ ഹരി, ബിനില്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ പറയുന്നതിന് ഡോ.ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. അജ്മല്‍ പുറത്തിറങ്ങിയ സമയം മറ്റുള്ളവര്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി.
തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വിഡിയോയും എടുത്തു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കുതറിമാറാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പിച്ചതായും പണം അപഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.