കൊച്ചി: ചാത്യാത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് രാത്രി മടങ്ങിവരുമ്പോള്‍ ക്രിസ്റ്റഫറും ഭാര്യ മേരിയും ചെന്നുകയറിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത പകവീട്ടലിലേക്കായിരുന്നു. സ്‌കൂട്ടറില്‍ അവര്‍ എത്തുമ്പോള്‍ വീടിനടുത്ത് നില്‍ക്കുകയായിരുന്നു വില്യംസ്. ‘ഒന്നു നിര്‍ത്തിയേ’ എന്ന് വില്യംസ് പറഞ്ഞപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ക്രിസ്റ്റഫര്‍ നോക്കുമ്പോഴേക്കും അതിവേഗത്തില്‍ വില്യംസ് കുപ്പിയിലെ പെട്രോള്‍ അവരുടെ ദേഹത്തേക്ക് ഒഴിച്ചിരുന്നു. പിന്നാലെ ലൈറ്റര്‍ കത്തിച്ച് അവരുടെ ദേഹത്തേക്ക് എറിഞ്ഞു. തീ ആളിയപ്പോഴേക്കും നിലവിളിച്ചുകൊണ്ട് ക്രിസ്റ്റഫറും മേരിയും അടുത്തുള്ള ജൂഡ്സണിന്റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. ‘വില്യംസ് ഞങ്ങളെ കത്തിച്ചു’ എന്ന് നിലവിളിച്ചുകൊണ്ടായിരുന്നു ഇരുവരും വീട്ടിലേക്ക് ഓടിക്കയറിയതെന്ന് അയല്‍വാസിയായ ജൂഡ്സണ്‍ പറഞ്ഞു.
വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങളുടെ പകവീട്ടലായിരുന്നു വില്യംസ് വെള്ളിയാഴ്ച രാത്രി നടത്തിയതെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. തന്റെ വീട്ടിലേക്ക് അനാവശ്യമായി ഒളിഞ്ഞുനോക്കുന്ന വില്യംസിന്റെ സ്വഭാവത്തെപ്പറ്റി ക്രിസ്റ്റഫര്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നതാണ്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ പല തവണ തര്‍ക്കവുമുണ്ടായിരുന്നു. ഇതിനിടയില്‍ മൂന്നുവര്‍ഷം മുന്‍പ് വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മലം എറിഞ്ഞതായും പരാതിയുണ്ടായിരുന്നു. ഇതിനെപ്പറ്റി ക്രിസ്റ്റഫര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ വില്യംസിന് വലിയ പകയുണ്ടായിരുന്നതായി അയല്‍വാസികള്‍ കരുതുന്നു.
മാലിന്യം എറിഞ്ഞ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വാര്‍ഡ് കൗണ്‍സിലറും മറ്റും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നതാണ്. പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച കൗണ്‍സിലര്‍ അടക്കമുള്ളവരോടെല്ലാം ഇനിയങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു വില്യംസ് പറഞ്ഞത്. അതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്നായിരുന്നു കരുതിയത്. എന്നാല്‍ ഉള്ളില്‍ തീരാത്ത പക സൂക്ഷിച്ച വില്യംസ് അത് വീട്ടാനായി കാത്തിരിക്കുകയായിരുന്നു.
സ്‌കൂട്ടറില്‍ ഇരുവരും വരുന്നത് കാത്തുനിന്നാണ് വില്യംസ് അക്രമത്തിന് തയ്യാറെടുത്തതെന്നാണ് പോലീസും പറയുന്നത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ക്രിസ്റ്റഫറിന്റെ ദേഹത്ത് കഴുത്തിനും അരഭാഗത്തിനും ഇടയിലായാണ് കൂടുതല്‍ പെട്രോള്‍ വീണത്. അവിടെ തീ പടര്‍ന്നതോടെയാണ് ക്രിസ്റ്റഫറിന് ഗുരുതരമായി പൊള്ളലേറ്റത്. സ്‌കൂട്ടറില്‍ ക്രിസ്റ്റഫറിന് പിന്നിലായി ഇരുന്നിരുന്ന മേരിയുടെ ശരീരത്തില്‍ അധികം പെട്രോള്‍ വീഴാതിരുന്നത് രക്ഷയായി. മേരിയുടെ വസ്ത്രത്തില്‍ പടര്‍ന്ന തീ അയല്‍വാസിയായ ജൂഡ്സണിന്റെ വീട്ടുകാര്‍ വെള്ളം ഒഴിച്ച് കെടുത്തി. പക്ഷേ അപ്പോഴേക്കും തീ നന്നായി പടര്‍ന്ന ക്രിസ്റ്റഫറിന്റെ നില ഗരുതരമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്യംസ് എങ്ങോട്ടു പോയെന്ന് ആരും കണ്ടിരുന്നില്ല. പിന്നീട് പോലീസ് എത്തി അന്വേഷണം നടത്തിയപ്പോഴാണ് അടച്ചിട്ടവീട് കണ്ട് സംശയം തോന്നിയത്. പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുമ്പോള്‍ വില്യംസിനെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്.
”ഞങ്ങള്‍ക്കാര്‍ക്കും പിടികിട്ടാത്ത മനുഷ്യനായിരുന്നു വില്യംസ്. ആരോടും അടുപ്പമില്ലാതെ ഒറ്റയ്ക്ക് ജീവിച്ചിരുന്നയാള്‍. നാട്ടിലെ ഒരു കല്യാണത്തിനോ റെസിഡെന്‍സ് അസോസിയേഷന്‍ പരിപാടിക്കോ ഒന്നും അയാള്‍ വരാറില്ലായിരുന്നു…”- അയല്‍വാസിയായ ജൂഡ്സന്റെ വാക്കുകള്‍.
അച്ഛനും അമ്മയും മരിച്ച വില്യംസ് വര്‍ഷങ്ങളായി ആ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. സഹോദരങ്ങളില്‍ ചിലര്‍ സമീപത്ത് താമസിച്ചിരുന്നു. മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന വില്യംസ് പലപ്പോഴും വീടിനുമുന്നില്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
ക്രിസ്റ്റഫറുമായി പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്ന വില്യംസിന്റെ സ്വഭാവമാണ് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നത്. വീട്ടിലേക്ക് വില്യംസ് അനാവശ്യമായി ഒളിഞ്ഞുനോക്കുന്നതായി ക്രിസ്റ്റഫര്‍ പല തവണ പരാതിപ്പെട്ടിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ വി.വി. പ്രവീണ്‍ പറഞ്ഞു. വില്യംസിന്റെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് ക്രിസ്റ്റഫറും മേരിയും സ്വന്തംവീട്ടില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചത്. ഇതില്‍ പലപ്പോഴും വില്യംസിന്റെ ശല്യത്തിന് തെളിവുണ്ടായിരുന്നതായും ഇരുവരും പറഞ്ഞിരുന്നു.
വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മലം എറിഞ്ഞ സംഭവമാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴക്ക് ഗുരുതരമാക്കിയതെന്നും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നതായും കൗണ്‍സിലര്‍ പ്രവീണ്‍ പറഞ്ഞു.


