മലപ്പുറം: വിപ്ലവത്തിൻ്റെ പേരു പറഞ്ഞു ക്യാമ്പസിൽ ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിൻ്റെ പേരാണ് എസ്എഫ്ഐയെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി . ഉടുതുണി അഴിക്കാൻ വരുന്ന എസ്എഫ്ഐക്കാരുടെ മുന്നിൽ പെൺകുട്ടികളുടെ വസ്ത്രമായി എംഎസ്എഫ് പ്രവർത്തകർ മാറണമെന്നും ഷാജി പറഞ്ഞു. എംഎസ്എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയയായിരുന്നു കെ.എം ഷാജി. മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് അവർ.
കാണാനുള്ള കണ്ണിന്‍റെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യന്‍റെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിന്‍റെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് എസ്എഫ്ഐയെന്നും കെ എം ഷാജി പറഞ്ഞു. നേരത്തെ, കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന വിവാദ പ്രസ്താവന ആവർത്തിച്ച് മുസ്ലീം ലീഗ് വീണ്ടും ആവർത്തിച്ചിരുന്നു.
മതമാണ് പ്രശ്നമെന്ന മുസ്ലീം ലീഗ് നേതാക്കളുടെ പ്രയോഗം ആവർത്തിക്കുകയായിരുന്നു മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. കണ്ണൂര്‍ തളിപറമ്പിലെ മുസ്ലീം യുവതിയുടെ മിശ്രവിവാഹത്തെ പരാമർശിച്ചാണ് പ്രസ്താവന. കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന് പിഎംഎ സലാം പറഞ്ഞു. മതാചാരപ്രകാരമല്ലാതെ വിവാഹം കഴിക്കുന്നവര്‍ മുസ്ലീം ലീഗില്‍ നിന്നോ മുസ്ലീം ലീഗ് ഓഫീസില്‍ നിന്നോ അല്ല പുറത്ത് പോകുന്നത്, ഇസ്ലാമില്‍ നിന്നാണെന്നും നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ ഇസ്ലാമില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്നും സലാം കൂട്ടിച്ചേർത്തു.
നേരത്തേ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും മിശ്രവിവാഹം വ്യഭിചാരമാണെന്ന് പ്രസ്താവന നടത്തി മുസ്ലീം ലീഗിന്റെ ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി വിവാദത്തിലായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞെങ്കിലും അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തിരുന്നു. ”കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോവുകയെന്നതെന്ന് പറഞ്ഞാൽ ഇസ്ലാമില്‍ നിന്നും അകലുകയെന്നാണ് അര്‍ത്ഥം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ തളിപറമ്പില്‍ സഹലയെന്ന് പറയുന്ന പെണ്‍കുട്ടി പോറ്റി വളര്‍ത്തിയ കുടുംബത്തെ വിട്ട് പ്രഭാത് എന്ന് പറയുന്ന ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ മകന്റെ കൂടെ ഇറങ്ങി പോയി. കല്യാണം കഴിച്ചു. ആ കുട്ടി പോയത് മുസ്ലീം ലീഗില്‍ നിന്നല്ല, ലീഗ് ഓഫീസില്‍ നിന്ന് അല്ല…” സലാം പറഞ്ഞു.