FeaturedHome-bannerKeralaNews

തെലങ്കാനയിൽ കിറ്റക്സ് ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപിയ്ക്കും; 4000 പേർക്ക് തൊഴിലവസരം

ഹൈദരാബാദ്: കിറ്റക്സ് ഗ്രൂപ്പ് തെലങ്കാനയിൽ രണ്ടുവർഷത്തിനുള്ള 1000 കോടി രൂപയുടെ നിക്ഷേപം നടത്തും. സംസ്ഥാന വ്യവസായ മന്ത്രി കെ ടി രാമറാവുവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ അപ്പാരൽ പാർക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലങ്കാനയിൽ 4000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും കിറ്റക്സ് എം ഡി സാബു ജേക്കബ് അറിയിച്ചു.

‘കുട്ടികൾക്കുള്ള തുണിത്തരങ്ങൾ നിർമിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്സിനെ തെലങ്കാനയിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാൻ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് അവർ തെര‍ഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നു’- കെ ടി രാമറാവു ട്വീറ്റ് ചെയ്തു.

തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെത്തിയ കിറ്റക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബിനും സംഘത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. സംഘം ശനിയാഴ്ച മടങ്ങും. വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെത്തിയ സംഘം, വ്യവസായ മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ഔദ്യോഗിക ചർച്ചകൾ തുടങ്ങിയത്. തെലങ്കാനയിൽ നിലവിലുള്ള വ്യവസായ സാഹചര്യങ്ങളും പുതിയ സ്ഥാപനം ആരംഭിക്കുന്ന പക്ഷം ലഭ്യമാകുന്ന സൗകര്യങ്ങളും മന്ത്രി വിശദീകരിച്ചു.

ഉച്ചയ്ക്കു ശേഷം കകാതിയ മെഗാ ടെക്‌സ്റ്റൈയില്‍ പാര്‍ക്ക് സന്ദര്‍ശിച്ച് നിലവിലുള്ള വ്യവസായ സാഹചര്യങ്ങൾ സംഘം വിലയിരുത്തി. തുടർന്ന്, വൈകിട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉൾപ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തെലങ്കാന ടെക്‌സ്‌റ്റൈയില്‍സ് മില്‍സ് അസോസിയേഷനുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെ വെല്‍സ്പണ്‍ ഫാക്ടറി സന്ദര്‍ശിക്കുന്ന സംഘം ഉച്ചയോടെ മന്ത്രിയുമായുള്ള അവസാനവട്ട ചര്‍ച്ചകൾക്കു ശേഷം മടങ്ങും.

തെലങ്കാന സര്‍ക്കാര്‍ അയച്ച ആഡംബര സ്വകാര്യ ചാർട്ടേഡ് ജെറ്റ് വിമാനത്തിലാണ് കിറ്റക്‌സ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. എംഡിക്കൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെഎൽവി നാരായണൻ, വൈസ് പ്രസിഡന്റ് ഓപറേഷൻസ് ഹർകിഷൻ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരാണ് സംഘത്തിലുള്ളത്.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽനിന്ന് പിന്മാറുന്നുവെന്ന് കിറ്റക്‌സ് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു കിറ്റക്സിന് തെലങ്കാനയിൽനിന്നു ക്ഷണം ലഭിച്ചത്. ഇതുവരെ 9 സംസ്ഥാനങ്ങളിൽനിന്നു നിക്ഷേപം നടത്താൻ കമ്പനിക്ക് വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button