കോഴിക്കോട്: വളര്‍ത്തു മൃഗങ്ങള്‍ തങ്ങളുടെ യജമാനന്‍മാരെ ആപത്തുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ കഥകളും അതിനെ അടിസ്ഥാനമാക്കിയുള്ള സിനിമകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്രയില്‍ നടന്നത്. ചെമ്പനോടയിലെ അമ്മ്യാംമണ്ണ് പുത്തന്‍പുരയില്‍ ബാബുവിന്റെ വീട്ടിലാണ് ഏവരെയും അതിശയപ്പെടുത്തുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജിനടിയില്‍ ഒരു രാജവെമ്പാല ചുരുണ്ടു കിടന്നിരുന്നു. എന്നാല്‍ ഈ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ച പാമ്പിനെ കാണുകയും തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായില്ല.
ഇതേസമയം തന്നെ വീട്ടിലെത്തിയ ബാബുവിന് സമീപത്തേക്ക് പൂച്ച ഓടിച്ചെല്ലുകയും വീടിന് അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ വാതിലിന് മുന്‍പില്‍ തടസ്സം നില്‍ക്കുകയുമായിരുന്നു. കാര്യം അത്ര പന്തിയല്ലെന്ന് കണ്ട വീട്ടുകാര്‍ പിന്നീട് വീടിനുള്ളില്‍ വിശദമായി പരിശോധന തന്നെ നടത്തി.
തുടര്‍ന്ന് മൂന്ന് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഞെട്ടിപ്പോയ ഇവര്‍ ഉടന്‍ തന്നെ സമീപവാസികളെയും പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അംഗീകൃത സ്‌നേക്ക് റെസ്‌ക്യൂവറായ സുരേന്ദ്രന്‍ കരിങ്ങാട് സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ നിലവില്‍ പെരുവണ്ണാമൂഴിയിലെ വന്യജീവി പരിപാലന കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.