കണ്ണൂര്‍: വീടിന്റെ വാതില്‍പ്പടിയിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പലയെ പിടികൂടി വനത്തില്‍ കൊണ്ടു വിട്ടു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി.എം അലിയുടെ വീടിന്റെ മുന്‍വശത്തുള്ള വാതില്‍പ്പടിയില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് വീടിന് മുന്നില്‍ രാജവെമ്പാലയെ കണ്ടെത്തിയത്.
ഉച്ചയൂണ് കഴിഞ്ഞശേഷം വീടിന് പുറത്തിറങ്ങിയപ്പോഴാണ് വലുപ്പമുള്ള പാമ്പിനെ കണ്ടത്. കറുപ്പില്‍ വെളുത്ത വളയമുള്ള പാമ്പ് മുന്‍വശത്തെ കോഴിക്കൂടിന് സമീപത്തേക്ക് ഇഴഞ്ഞുപോകുന്നതാണ് കണ്ടത്. ആദ്യം രാജവെമ്പലയാണെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഉറപ്പായിരുന്നില്ല. ഇതേത്തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് കോഴിക്കൂടിന് സമീപത്തുണ്ടായിരുന്ന അലമാരയുടെ അടിയിലേക്ക് കയറിയിരുന്നു. പാമ്പ് മറ്റെവിടേക്കും പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വീട്ടുകാര്‍ കാവല്‍ നില്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ശേഷപ്പയും പാമ്പുപിടുത്തക്കാരന്‍ പനയാലിലെ കെ.പി സന്തോഷും വനംവകുപ്പ് ഉദ്യോഗസ്ഥനായ ശരത് ഗോപാലും സ്ഥലത്തെത്തി. അലമാരയുടെ അടിയില്‍ ഇരുന്ന പാമ്പിനെ ഏറെ ശ്രമപ്പെട്ടാണ് പിടികൂടിയത്.
പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പല തവണ അത് ആളുകള്‍ക്കുനേരെ ചീറിയടുത്തു. ഒടുവില്‍ പാമ്പനെ തന്ത്രപരമായി പിടികൂടുകയായിരുന്നു. പിന്നീട് കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള വനത്തില്‍ ഈ രാജവെമ്പാലയെ കൊണ്ടുവിട്ടു.