31.1 C
Kottayam
Tuesday, May 14, 2024

കിഫ്ബിയിലെ സിഎജി ഓഡിറ്റിങ് : ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

Must read

 

തിരുവനന്തപുരം: കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കിഫ്ബിയില്‍ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റിങ്ങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കിഫ്ബി ആക്ട് 1999-ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജൂലൈ അവസാനത്തിന് മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത കണക്കും നിയമസഭയില്‍ സമര്‍പ്പിക്കണം.

കിഫ്ബി ആക്ടിലെ വകുപ്പ് 3 പ്രകാരം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് സ്കീം രൂപീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സ്കീമിന്‍റെ ചട്ടം 16(6) പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട്  ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സിഎജിക്കും അഭിപ്രായത്തിന് അയക്കേണ്ടതാണ്.

2016-ല്‍ കിഫ്ബി ആക്ട് ഭേദഗതി ചെയ്തപ്പോള്‍ 16-ാം വകുപ്പിന് ഒരു ഭേദഗതിയും വരുത്തിയിട്ടില്ല. മാത്രമല്ല 3(8) എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതനുസരിച്ച് ഫണ്ടിന്‍റെ സ്രോതസ്സും വിനിയോഗവും സംബന്ധിച്ച് നിയമസഭക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ട് ഫണ്ട് ട്രസ്റ്റി ആന്‍റ് അഡ്വൈസറി കമ്മീഷന്‍ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്. ഫണ്ട് വിനിയോഗ കാര്യത്തില്‍ കൂടുതല്‍ സുതാര്യതയും നിയസഭയുടെ മെച്ചപ്പെട്ട പരിശോധനയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഇതു ചെയ്തത്.

കിഫ്ബിയുടെ വരവു ചെലവുകള്‍ സിഎജി ആക്ട് സെക്ഷന്‍ 14 പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാം. സര്‍ക്കാരിന്‍റെ  ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സിഎജി ഓഡിറ്റ് ബാധകമാണ്. അതുകൊണ്ട് സിഎജി ആക്ട് സെക്ഷന്‍ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യമില്ല.

സെക്ഷന്‍ 14-ന്‍റെ പരിധിയില്‍ വരാത്ത സ്ഥാപനങ്ങളില്‍ സെക്ഷന്‍ 20 പ്രകാരം ഒരു സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തണമെന്ന് സിഎജിയോട് സംസ്ഥാന സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാം. മറിച്ച് സര്‍ക്കാര്‍ ഗ്രാന്‍റോ വായ്പയോ കിട്ടുന്ന സ്ഥാപനം ഓഡിറ്റ് ചെയ്യണമെന്ന് സിഎജിക്ക് സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കാം. ഇതനുസരിച്ച് സര്‍ക്കാരിന് ഓഡിറ്റിങ് അനുവദിക്കാവുന്നതാണ്. എന്നാല്‍ കിഫ്ബിയുടെ സെക്ഷന്‍ 14 പ്രകാരമുള്ള ഓഡിറ്റിങ്ങ് നടക്കുന്നതിനാല്‍ ഇതിന് പ്രസക്തിയില്ല.

വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗ്ച്ച് അടിസ്ഥാന സൗകര്യമേഖലയില്‍ നടത്തുന്ന വികസന പദ്ധതികള്‍ക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week