തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, കിഫ്ബി എടുത്ത വായ്പയില്‍, തിരിച്ചടച്ച തുക സംസ്ഥാനത്തിന്‍റെ വായ്പാ കണക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ. കേന്ദ്രം ഇത് അനുവദിച്ചാല്‍ സംസ്ഥാനത്തിന് ഈ സാമ്പത്തിക വര്‍ഷം 2000 കോടി രൂപ കൂടി കടമെടുക്കാന്‍ കഴിയും.
സാമ്പത്തിക വര്‍ഷത്തെ അവസാന മാസമായ മാര്‍ച്ചില്‍ ശമ്പളത്തിനും പെൻഷനുമൊക്കെയായി 22,000 കോടി രൂപയോളം കണ്ടെത്തണം. ട്രഷറി നിയന്ത്രണം കടുപ്പിച്ചും വകുപ്പുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ പാര്‍ക്ക് ചെയ്ത ഫണ്ട് ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചും പദ്ധതി ചെലവ് നിയന്ത്രിച്ചും ചെലവു ചുരുക്കിയും പരമാവധി ധനസമാഹരണത്തിന് ശ്രമം നടക്കുന്നുണ്ട്.
എന്നാൽ, ഇതൊന്നും മതിയാവില്ലെന്ന് വ്യക്തമായതോടെയാണ് 2000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കിഫ്ബിയും ക്ഷേമപെന്‍ഷന്‍ വിതരണം സുഗമമായി നടക്കാന്‍ രൂപീകരിച്ച പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്‍റെ വായ്പയുടെ കണക്കില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയതോടെയാണ് പ്രതിസന്ധി കടുത്തത്.
ഇതോടെ സംസ്ഥാനത്തിന് വായ്പയെടുക്കാവുന്ന തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. കിഫ്ബി നടത്തിയ വായ്പാ തിരിച്ചടവിന് തുല്യമായ തുക ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണം എന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.
അടുത്ത ചൊവ്വാഴ്ച 1000 കോടി രൂപ കൂടി സംസ്ഥാനം കടമെടുക്കും. അതോടെ ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് കടമെടുക്കാന്‍ അധികാരപ്പെട്ട തുക 450 കോടിയായി കുറയും.
കിഫ്ബി തിരിച്ചടച്ച വായ്പ സംസ്ഥാനത്തിന്‍റെ വായ്പാ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് മാസം കടന്നുകിട്ടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ആലോചനകളിലേക്കും ചര്‍ച്ചകളിലേക്കും ധനവകുപ്പ് കടക്കും.