താനെ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മജിറുല്‍ മസുറുദീന്‍ ഹഖ(25) എന്ന യുവാവ് വിവാഹാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
ജൂലൈ ഏഴിന് പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥലത്തെത്തിയ യുവാവ് ഇവരെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ സമീപിച്ചു. എന്നാല്‍ ഇവര്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ നാല് വയസുള്ള സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
എന്നാല്‍ പരാതി ലഭിച്ച അഞ്ച് മണിക്കൂറിനുള്ളില്‍ പോലീസ് ഇയാളെ പിടികൂടി. ഭീവണ്ടി മേഖലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.