കാര്‍ തകരാറായി,നടുറോഡില്‍ ബഹളംവച്ച് യുവതി;സ്ഥലത്തെത്തി പോലീസ്,അടിമാലിയില്‍ നടന്നത്

അടിമാലി:മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ 3 അംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പിച്ചു. കുരിശുപാറ റിസോര്‍ട്ടില്‍ മുറിയെടുത്ത സ്ത്രീ ഉള്‍പ്പെടുന്ന 3 അംഗ സംഘമാണ് പൊല്ലാപ്പിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ സ്വദേശി ജോബി (35), ആലപ്പുഴ സ്വദേശി പ്രവീണ്‍ രാജ് (34) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. റിസോര്‍ട്ടില്‍നിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഇവര്‍ കാറില്‍ അടിമാലിക്ക് പോയി. കല്ലാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കാര്‍ തകരാറിലായി. ഇതോടെ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞു യുവതി ബഹളം വച്ചു. നാട്ടുകാര്‍ വാഹനം തടഞ്ഞുവച്ച് പൊലീസില്‍ അറിയിച്ചു. അടിമാലിയില്‍നിന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. സംഘം മദ്യലഹരിയിലാണെന്നു കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുരിശുപാറയിലെ റിസോര്‍ട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി.

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് സംഘമെന്ന് ഇവര്‍ മൊഴി നല്‍കി. ഇതിനിടെ ലഹരി വിട്ടതോടെ താന്‍ തമാശ പറഞ്ഞതാണെന്നു യുവതി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ യുവാക്കളെ വൈദ്യപരിശോധന നടത്തിയ പൊലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News