കേതനെ തള്ളിയിട്ട് കൊന്നതാര്? തെളിവില്ലെന്ന് പൊലീസ്, സിയ ​ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യം

സിയയെ നുണപരിശോധനയ്ക്ക് വിധേയമാക്കണം, നിലവിലെ തെളിവുകൾ അപര്യാപ്തം; കോടതിയെ സമീപിച്ച് പോലീസ്

പുണെ: മഹാരാഷ്ട്രയിലെ യുവവ്യവസായിയുടെ കൊലപാതകത്തിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ആരാണ് കേതനെ തള്ളിയിട്ടത് എന്നതിന് തെളിവില്ലെന്നും അതിനാൽ സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുവദിക്കണമെന്നുമാണ് കോടതിയിൽ പുണെ പോലീസ് ആവശ്യപ്പെട്ടത്.

കേതനെ കോട്ടയിൽനിന്ന് താഴേക്ക് തള്ളിയിട്ടതിന് ദൃക്സാക്ഷിയോ നിർണായക തെളിവോ ഇല്ല. ആകെയുള്ളത് പ്രതിയുടെ മൊഴി മാത്രമാണെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. പ്രതികളായ ചേതൻ ചൗധരിയുടേയും കാമുകി സിയ ഗോയലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിശദാന്വേഷണത്തിന് നുണപരിശോധന അത്യാവശ്യമാണ്. നുണപരിശോധന നടത്തുന്നതോടെ നിർണായക തെളിവുകൾ ലഭിക്കുമെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് സാങ്കേതിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും പ്രതിയുടെ അനുവാദം അന്വേഷണ സംഘം വാങ്ങേണ്ടതുണ്ടെന്നും സിയയുടെ അഭിഭാഷകൻ വിപുൽ ദുഷിങ് പറഞ്ഞു.

ജൂൺ 18-നാണ് മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ കേതൻ വിശാൽ അഗർവാൾ കൊല്ലപ്പെടുന്നത്. ലോഹഗഢ് ഫോർട്ടിൽവെച്ച് പ്രതിശ്രുത വധുവായ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അപകടമരണമാണെന്ന് കരുതിയിരുന്ന സംഭവം കൊലപാതകമാണെന്ന് പിന്നീട് കണ്ടെത്തി. ജൂൺ 14-നും സമാനമായ രീതിയിൽ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് സിയ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നവംബറിൽ കേതന്റേയും സിയയുടേയും വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News