തിരുവനന്തപുരം: തുടര്‍ച്ചായി ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് പിന്നാലെ ജനത്തിന് ഇരട്ടപ്രഹരമായി രാജ്യത്ത് മണ്ണെണ്ണ വിലയും കുതിച്ചുയര്‍ന്നു. മാര്‍ച്ച് മാസം വരെ 59 രൂപയായിരുന്ന മണ്ണെണ്ണ വില ഏപ്രിലായതോടെ 81 രൂപയിലെത്തി. 22 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടായത്.
മണ്ണെണ്ണ വില ജനങ്ങള്‍ക്ക് കുറച്ച് നല്‍കാന്‍ കഴിയുമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായി മന്ത്രി വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതുകൊണ്ട് ജനം വലയുകയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 തവണയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചത്. ഇതിന് പിന്നാലെയാണ് 22 രൂപ മണ്ണെണ്ണയ്ക്കും വര്‍ധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ക്രൂര നിലപാടാണ് കേരളത്തോട് കാണിച്ചിരിക്കുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാനായും മറ്റും മണ്ണെണ്ണ ആവശ്യമാണ്. നിലവില്‍ നൂറ് രൂപ നല്‍കി മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകേണ്ട അവസ്ഥയിലാണ് കേരളം.