നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്റെ മൊഴി വീട്ടിലെത്തി ശേഖരിക്കും, അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റും. കേസില്‍ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. നടിയെ അക്രമിച്ച കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ ശബ്ദ സാമ്പിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിള്‍ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പള്‍സര്‍ സുനി ഫോണില്‍ ജിന്‍സനോട് പറഞ്ഞിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകള്‍ ലഭിച്ചതിനാലെന്ന് റിട്ടയേര്‍ഡ് ഐ.ജി എ.വി ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണവും അന്നത്തെ അറസ്റ്റ് ശരി എന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെറുതെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു സമ്മര്‍ദവും ഉണ്ടായിരുന്നില്ലെന്നും എ.വി ജോര്‍ജ് വ്യക്തമാക്കി.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാളത്തിലെ നടി ശ്രമിച്ചുവെന്ന് കണ്ടെത്തലുണ്ട്. ഈ നടിയോട് ഉടന്‍ തന്നെ ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നടിയെ അക്രമിച്ച കേസില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവര്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News