ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി റഷ്യന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു; കേണല്‍ ഒളിവില്‍

കാണ്‍പൂര്‍: ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി റഷ്യന്‍ യുവതിയെ കരസേന ഉദ്യോഗസ്ഥന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെതിരെയാണ് റഷ്യന്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്.

കാന്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേണല്‍ നീരജ് ഗെഹലോട്ട് യുപി സ്വദേശിയായ സുഹൃത്തിനെയും റഷ്യക്കാരിയായ ഭാര്യയെയും കാന്റിലെ ഔദ്യോഗിക വസതിയിലേക്ക് ഡിന്നറിന് ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് ഈ മാസം 10 ന് ദമ്പതികള്‍ ലഖ്നൗവില്‍ നിന്നും കാണ്‍പൂരിലെത്തി. കാണ്‍പൂരില്‍ ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വൈകീട്ടോടെ ഇവര്‍ സുഹൃത്തായ കേണലിന്റെ ഔദ്യോഗിക ബംഗ്ലാവിലെത്തി. തുടര്‍ന്ന് കേണല്‍ ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നു.

പാനീയം കുടിച്ച ഉടന്‍ തന്നെ സുഹൃത്ത് ബോധരഹിതനായി. തുടര്‍ന്ന് നീരജ് ഗെഹലോട്ട് റഷ്യക്കാരിയായ യുവതിയെ ബലം പ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇതിനെ ചെറുക്കുകയും നിലവിളിക്കുകയും ചെയ്ത യുവതിയെ ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചു.

ഇതിനിടെ യുവതി ബോധരഹിതയായി. തുടര്‍ന്ന് കേണല്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബോധം തെളിഞ്ഞ യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും കൂടി ശനിയാഴ്ച കാണ്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News