കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് വൈകാതെ സർവീസ് ആരംഭിച്ചേക്കും. മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇതുവരെയും സർവീസ് ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഫ്ലാഗ് ഓഫ് ചടങ്ങിനുള്ള പരിമിതിയായിരുന്നു ഇതിൽ പ്രധാനമായും ഉയർത്തിക്കാട്ടപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലപ്ര്യാപനം കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും.
മൂന്നാം എൻഡിഎ സർക്കാർ അധികാരമേൽക്കുന്നതിനോടനുബന്ധിച്ച് തന്നെ കേരളത്തിന് സമ്മാനമായി മൂന്നാം വന്ദേ ഭാരത് സർവീസ് ആരംഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിലാദ്യമായി ബിജെപിയ്ക്ക് കേരളത്തിൽനിന്ന് ഒരു സീറ്റ് ലഭിച്ച ഘട്ടം കൂടിയാണിത്. മൂന്നാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാൻ സാധ്യതയേറെയാണ്. അങ്ങനെ വരുമ്പോൾ ബിജെപിയ്ക്ക് എംപിയെ നൽകിയ കേരളത്തിനുള്ള ആദ്യ സമ്മാനമായി തന്നെ ബിജെപിയ്ക്ക് ഇത് ഉയർത്തിക്കാട്ടാനാകും.
നേരത്തെയുള്ള റിപ്പോർട്ടുകൾ പോലെ എറണാകുളം – ബെംഗളൂരു റൂട്ടിൽ തന്നെയാകും പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. കേരളത്തിൽ ആദ്യ വന്ദേ ഭാരത് എത്തുമ്പോൾ മുതൽ സർവീസിനായി ഉയർന്നുകേട്ട റൂട്ടുകളിലൊന്നായിരുന്നു എറണാകുളം – ബെംഗളൂരു. ഇത്തവണ മറ്റുപല റൂട്ടുകളും ചർച്ചയായിരുന്നെങ്കിലും എറണാകുളം – ബെംഗളൂരുവിന് തന്നെയാണ് സാധ്യത.
എറണാകുളം – ബെംഗളൂരു സര്‍വീസിനെക്കുറിച്ച് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കേരളത്തിലെ ജനങ്ങൾക്കെന്നപോലെ കർണാകയ്ക്കും ഈ സർവീസ് ഏറെ ഗുണം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നേട്ടമുണ്ടാക്കിയ ബിജെപിയ്ക്ക് ബെംഗളൂരു നഗരത്തിലേക്ക് പുതിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നത് അവിടെയും നേട്ടമാകും.
അതേസമയം ആദ്യ രണ്ടു വന്ദേഭാരത് സര്‍വ്വീസുകളും ആരംഭിച്ചപ്പോള്‍ സന്തോഷിച്ച കേരളത്തിന്റെ വിവിധ റൂട്ടികളില്‍ യാത്ര ചെയ്തിരുന്ന സ്ഥിരം ട്രെയിന്‍ യാത്രക്കാര്‍ സമാനതകളില്ലാത്ത യാത്രാദുരിതത്തിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നത്.
വന്ദേഭാരതിനു തടസ്സമില്ലാതെ കടന്നുപോകാന്‍ മറ്റു ട്രെയിനുകളെ വഴിയില്‍ പിടിച്ചിടുന്നതു വ്യാപക പരാതികള്‍ക്ക് ഇടയാക്കിയിരിക്കുന്നു.
വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയതോടെ ഒട്ടേറെ ട്രെയിനുകളുടെ ഓട്ടം താറുമാറായി വന്ദേഭാരത് മാത്രമല്ല സമയകൃത്യത പാലിക്കേണ്ടതെന്ന തിരിച്ചറിവ് റെയില്‍വേ അധികൃതര്‍ക്ക് ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വന്ദേഭാരത് ഇല്ലാതിരുന്നപ്പോള്‍ ഇതിലും കൃത്യമായി സംസ്ഥാനത്തു ട്രെയിനുകളോടിയിരുന്നുവെന്നു യാത്രക്കാര്‍ പറയുന്നു.
വന്ദേഭാരതിനുവേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മിഷന്‍ വരെ ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെ എല്ലാ ദിവസവും ട്രെയിനുകളെ ആശ്രയിക്കുന്നവരടക്കം സംസ്ഥാനത്തെ ആയിരക്കണക്കിനു യാത്രക്കാരാണു സമയത്തിനെത്താന്‍ കഴിയാതെ മാസങ്ങളായി ദുരിതമനുഭവിച്ചത്.. വന്ദേഭാരതിന്റെ സമയത്തിനനുസരിച്ച് മറ്റു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. രണ്ടാമത്തെ വന്ദേഭാരത് കൂടി ഓടിത്തുടങ്ങിയതോടെ മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍ കൂടുതല്‍ യാത്രാദുരിതത്തിലായി.മൂന്നാമത്തെ ട്രെയിന്‍ അനുവദിയ്ക്കുമ്പോള്‍ എന്താകുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
രാവിലെ ഒന്‍പതിനും പത്തിനും ജോലിക്കെത്താന്‍ പറ്റാത്തവിധം പല ട്രെയിനുകളും വൈകിയോടുകയാണെന്നാണു മലബാര്‍ മേഖലയിലെ യാത്രക്കാര്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.പയ്യോളി, വടകര, കൊയിലാണ്ടി തുടങ്ങിയ സ്റ്റേഷനുകളില്‍നിന്നു നിത്യേന ട്രെയിന്‍ കയറി കോഴിക്കോട്ടെ വിവിധ ഓഫിസുകളിലേക്ക് എത്തേണ്ടവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് അതിരില്ല. കാസര്‍കോട്ടേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കടന്നുപോകുമ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, ആലപ്പുഴ- എറണാകുളം സ്‌പെഷല്‍, എറണാകുളം- കായംകുളം സ്‌പെഷല്‍ എന്നിവ പിടിച്ചിടുന്നുണ്ട്. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോഴിക്കോട്ട് എത്തുന്നത് രാത്രി വൈകിയാണ്. തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരതിനു വേണ്ടി ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി കാഞ്ഞങ്ങാട്ടും മംഗളൂരു-നാഗര്‍കോവില്‍ പരശുറാം കോഴിക്കോട്ടുമാണു പിടിച്ചിടുന്നത്.
കോട്ടയം വഴിയുള്ള വന്ദേഭാരത് പ്രധാനമായും ബാധിക്കുന്നതു തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസിനെയാണ്. ഇരുദിശയിലുമായി പലപ്പോഴും പാലരുവി 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്. ആലപ്പുഴ വഴി 69 കിലോമീറ്റര്‍ ഒറ്റവരിപ്പാതയായതിനാല്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതും ആ റൂട്ടിലാണ്.
വന്ദേഭാരത് കാരണമുള്ള വൈകലിനുപുറമേ സിഗ്‌നല്‍ തകരാറും മഴക്കാലത്തെ മണ്ണിടിച്ചിലുമൊക്കെ യാത്രാദുരിതം വര്‍ധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണണമെങ്കില്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ അടിയന്തരമായി ഓട്ടമാറ്റിക് സിഗ്നലിങ് ഏര്‍പ്പെടുത്തുകയും എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ വേഗത്തിലാക്കുകയും ചെയ്യണമെന്ന് യ്ാത്രക്കാര്‍ പറയുന്നു.
ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചാല്‍ കുറച്ചു മാറ്റമുണ്ടാകുമെങ്കിലും അധികൃതര്‍ അതു ചെയ്യുന്നില്ല. വന്ദേഭാരതിന്റെ സമയപാലനത്തിനുവേണ്ടി മറ്റു ട്രെയിനുകളിലെ യാത്രക്കാരെ ഇങ്ങനെ നരകിപ്പിക്കുന്നതു ഗുരുതരമായ മനുഷ്യാവകാശ ലംഘനംതന്നെയാണ്. ഇക്കാര്യത്തില്‍ യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാത്ത, പ്രഫഷനല്‍ സമീപനമാണ് ഉണ്ടാവേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം കടമ മറന്ന്, വിശ്വാസ്യത കളഞ്ഞുകൂടാ. രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരതും പതിനായിരക്കണക്കിനു യാത്രക്കാരുടെ ആശ്രയമായ മറ്റു ട്രെയിനുകളും ഒരുപോലെ സമയക്രമം പാലിക്കുന്ന സാഹചര്യമാണു കേരളത്തിലെ യാത്രക്കാര്‍ ആഗ്രഹിക്കുന്നതെന്നും യ്ത്രക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു