കൊച്ചി: കേരളത്തിലെ ആദ്യ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആഭ്യന്തര യുദ്ധത്തില്‍ കൈകളും കാഴ്ചയും നഷ്ടമായ യമന്‍ പൗരന് കണ്ണുകളും കൈകളും അവയവദാനത്തിലൂടെ തിരികെ കിട്ടി. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ അവയവങ്ങളാണ് ഏഴ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.
പാലക്കാട് കാഞ്ഞിരത്തില്‍ സ്വദേശി 32 വയസുകാരിയായ ദീപികയ്ക്കാണ് ചെറു കുടല്‍ മാറ്റിവെച്ചത്. ചെറു കുടലുകള്‍ അസുഖം ബാധിച്ച് പോഷകാഹാരം സ്വാംശീകരിക്കാനാവാതെ മെലിഞ്ഞൊട്ടുകയായിരുന്നു ദീപിക. ബോംബ് സ്‌ഫോടനത്തില്‍ കൈകളും കാഴ്ചയും നഷ്ടപ്പെട്ടാണ് ഇസ്ലാം അഹമ്മദ് എന്ന യെമന്‍ സ്വദേശി അമൃത ആശുപത്രിയില്‍ എത്തിയത്. 40 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ തീവ്ര പരിശ്രമത്തിനു അനുജിത്തിന്റെ കുടുംബത്തിനും കൈകള്‍ ഉയര്‍ത്തി നന്ദി പറയുകയാണ് 24 കാരനായ യുവാവ്.
എറണാകുളം എംപി ഹൈബി ഈഡന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ, അമൃത ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ പ്രേം നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പത്തുവര്‍ഷം മുമ്പ് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടു പുസ്തകസഞ്ചി വീശി ട്രെയിന്‍ നിര്‍ത്തി അപകടം ഒഴിവാക്കിയ അനുജിത്ത് മരണത്തിനപ്പുറം ഇന്നും ഏഴ് മനുഷ്യരിലൂടെ ജീവിക്കുകയാണ്.