കണ്ണൂര്‍: കാബുള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ താലിബാന്‍ തട്ടിയെടുത്ത വാഹനത്തിലെ മലയാളി ഡല്‍ഹി വഴി നാട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍ സ്വദേശി ദീദില്‍ പാറക്കണ്ടിയാണ് ഉച്ചയോടെ നാട്ടിലെത്തിയത്. ദീദില്‍ അടക്കം 150 ഓളം ഇന്ത്യക്കാര്‍ സഞ്ചരിച്ച ആറ് ബസുകളാണ് കഴിഞ്ഞ ദിവസം താലിബാന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് യാത്രക്കാരില്‍ നിന്ന രേഖകളും മൊബൈല്‍ ഫോണുകളും ബാഗുകളും പിടിച്ചെടുത്തിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
ആക്രമിക്കില്ലെന്നും നാട്ടില്‍ നില്‍ക്കണമെന്നുമുള്ള താലിബാന്റെ വാക്ക് വിശ്വസിച്ചതാണ് അബദ്ധമായതെന്ന് ദീദില്‍ പാറക്കണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കാബൂള്‍ സുരക്ഷിതമായിരുന്നു. മടങ്ങാനിരിക്കേയാണ് താലിബാന്‍ കാബൂള്‍ പിടിച്ചടക്കുന്നത്. അവരുടെ കൂടെ ജോലി ചെയ്തുകൂടെയെന്ന് ചോദിച്ചത് വിശ്വസിച്ചിരുന്നു. ഇതുവരെയുള്ള സ്ഥിതിഗതികള്‍ നല്ലതായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ട്.
സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ തിരിച്ചുപോകുന്നത് പരിഗണിക്കും. അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയെ കരുതി താലിബാനെതിരെ ഇപ്പോഴൊന്നും പറയാനാവില്ല. എന്നാല്‍ അവരുടെ നേതൃത്വത്തിലുള്ള ഭരണം എന്താകുമെന്ന് ചിന്തിക്കാവുന്നതേയുള്ളുവെന്നും ദീദില്‍ പാറക്കണ്ടി പറഞ്ഞു. മോചനത്തിന് ഇടപെട്ട പ്രധാനമന്ത്രി, മുഖ്യമന്ത്രി, കമ്പനി സി.ഇ.ഒ, മാധ്യമങ്ങള്‍ എന്നിവരോട് നന്ദിയുണ്ടെന്നും ദീദില്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്ന് ഇന്നലെയാണ് ദീദില്‍ അടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തിയത്.