32.8 C
Kottayam
Thursday, May 9, 2024

രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

Must read

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്‍റേയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടേയും തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഗുജറാത്തിനെതിരെ വമ്പന്‍ ജയവുമായി കേരളം.

എട്ടുവിക്കറ്റിനാണ് കേരളം ഗുജറാത്തിനെ തകര്‍ത്തത്.
214 ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രോഹന്‍ കുന്നുമ്മലിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെയും സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ജയിച്ചു കയറിയത്.

ഏകദിന ശൈലിയിലായിരുന്നു രോഹന്റെ ബാറ്റിങ്. വെറും 87 പന്തുകളില്‍ നിന്ന് രോഹന്‍ 106 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സച്ചിന്റെ ഇന്നിങ്‌സും അതിവേഗമായിരുന്നു. 76 പന്തുകള്‍ നേരിട്ട സച്ചിന്‍ 62 റണ്‍സെടുത്ത് പുറത്തായി.

30 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സല്‍മാന്‍ നിസാറും പുറത്താകാതെ നിന്നു.രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മലാണ് മത്സരത്തിലെ താരം.

രഞ്ജിയില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. മേഘാലയയെയാണ് കേരളം ആദ്യമത്സരത്തില്‍ തോല്‍പ്പിച്ചത്.

തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന കേരളത്തിന്റെ ആദ്യ താരമായി രോഹന്‍ മാറി.സ്‌കോര്‍ ഗുജറാത്ത് 388, 264. കേരളം 439, 214-2 214 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കേരളം തുടക്കം മുതലേ ആക്രമിച്ചു.

ടീം സ്‌കോര്‍ 27ല്‍ നില്‍ക്കെ ഏഴ് റണ്‍സെടുത്ത രാഹുലിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും രോഹനും സച്ചിനും കത്തിക്കയറി.പിന്നീട് 170 റണ്‍സിലെത്തിയപ്പോഴാണ് ഗുജറാത്തിന് രണ്ടാമത്തെ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചത്.

നേരത്തെ കേരളം 51 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.
രോഹന്‍ കുന്നുമ്മലിന് പുറമെ (129), വിഷ്ണു വിനോദും (113) സെഞ്ചുറി നേടിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ തേടി ഇറങ്ങിയ ഗുജറാത്ത് 264 റണ്‍സിലൊതുങ്ങി.

നാല് വിക്കറ്റ് നേടിയ ജലജ് സക്‌സേനയും മൂന്ന് വിക്കറ്റ് സിജോമോന്‍ ജോസഫുമാണ് ഗുജറാത്തിനെ തകര്‍ത്തത്.70 റണ്‍സെടുത്ത ഉമംഗും 80 റണ്‍സെടുത്ത കരണ്‍ പട്ടേലുമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week