KeralaNews

സഞ്ജുവും സച്ചിനും തകർത്തു,ജമ്മു കശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സിൻ്റെ ജയം

ചണ്ഡീഗഡ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. സച്ചിന്‍ ബേബിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സടിച്ചപ്പോള്‍ ജമ്മു കശ്മീര്‍ 19 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന മത്സരത്തില്‍ ജയിച്ചെങ്കിലും പോയന്‍റ് പട്ടികയില്‍  കര്‍ണാടകക്കും(20) ഹരിയാനക്കും പിന്നിലുള്ള കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ മങ്ങി.

ആദ്യം ബാറ്റ്  ചെയ്ത കേരളത്തിന് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് അസറുദ്ദീന്‍റെ(0) വിക്കറ്റ് നഷ്ടമായി. ഇത്തവണ വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കരുതലോടെ കളിച്ച് രോഹന്‍ കുന്നമ്മലിനൊപ്പം(20 പന്തില്‍ 29) കേരളത്തെ 50ല്‍ എത്തിച്ചു. രോഹന്‍ പുറത്തായശേഷം ക്രീസിലെത്തിയ സച്ചിന്‍ ബേബി തകര്‍ത്തടിച്ചതോടെ കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. പതിവ് ആക്രമണം വീട്ട് നിലയുറപ്പിച്ച് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. 32 പന്തില്‍ സച്ചിന്‍ ബേബി 62 റണ്‍സെടുത്തപ്പോള്‍ സഞ്ജു 56 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായി.

അവസാന ഓവറുകളില്‍ അബ്ദുള്‍ ബാസിത്തിന്‍റെ(11 പന്തില്‍ 24*) വെടിക്കെട്ടും കേരളത്തിന് തുണയായി. ജമ്മു കശ്മീരിനായി നാലോവര്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്ക് 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ മുജ്താബ യൂസഫ് നാലോവറില്‍ 47 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ശുഭം കജൂരിയയും(14 പന്ില്‍ 30), ഹെനാന്‍ നസീര്‍ മാലിക്കും(19 പന്തില്‍ 17) ചേര്‍ന്ന് മികച്ച തുടക്കമിട്ടെങ്കിലും ഇരുവരും പുറത്തായശേഷം ജമ്മു കശ്മീര്‍ തകര്‍ന്നടിഞ്ഞു.

വിവ്രാന്ത് ശര്‍മ(11), അബ്ദുള്‍ സമദ്(19)എന്നിവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല. കേരളത്തിനായി ബേസില്‍ തമ്പിയും കെ എം ആസിഫും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍ വൈശാഖ് ചന്ദ്രന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button