തൃശ്ശൂര്‍: തൃശ്ശൂര്‍ ശ്രീ കേരള വര്‍മ കോളേജിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന്റെ റീ കൗണ്ടിങ് ഡിസംബര്‍ രണ്ടിന്. രാവിലെ ഒന്‍പതു മണിക്കാണ് റീ കൗണ്ടിങ് ആരംഭിക്കുക. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് റീകൗണ്ടിങ്ങുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
നേരത്തെ, കോളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി കെ.എസ്. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചെയര്‍മാന്‍ സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ നിയമവ്യവസ്ഥ കര്‍ശനമായി പാലിച്ച് വീണ്ടും എണ്ണാനും ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടിരുന്നു.
റീ കൗണ്ടിങ്ങില്‍ ക്രമക്കേടുനടന്നെന്നും ചെയര്‍മാന്‍സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് കെ.എസ്.യു.വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വോട്ട് ആദ്യം എണ്ണിയതും റീ കൗണ്ടിങ് നടത്തിയതും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വിലയിരുത്തിയാണെന്ന് ഹൈക്കോടതി ഉത്തരവ്. എന്നാല്‍, ചെയര്‍മാന്‍സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
ആദ്യം വോട്ടെണ്ണിയപ്പോള്‍ ഒരു വോട്ടിന് ജയിച്ച താന്‍ റീ കൗണ്ടിങ് നടത്തിയപ്പോള്‍ 10 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെന്നാണ് ശ്രീക്കുട്ടന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. റീ കൗണ്ടിങ്ങിലെ ക്രമക്കേടാണ് കാരണമെന്നായിരുന്നു വാദം.